സംസ്ഥാന സ്‌കൂള്‍ കലോത്സവം ആറുമുതല്‍ 10 വരെ തൃശൂരില്‍ നടക്കും

തൃശൂര്‍:  സംസ്ഥാന സ്‌കൂള്‍ കലോത്സവം ആറുമുതല്‍ 10 വരെ തൃശൂരില്‍ നടക്കും. ആറിന് രാവിലെ പത്തിന് തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിയായ നീര്‍മാതളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. പ്രൊഫ. സി.രവീന്ദ്രനാഥ് കലോത്സവ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, വ്യവസായ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍, കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. കലോത്സവത്തിനു മുന്നോടിയായി 8.45 ന് ദൃശ്യവിസ്മയം അരങ്ങേറും. 20 സബ് കമ്മറ്റികളാണ് ഭക്ഷണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഒരേസമയം 3200 പേര്‍ക്ക് ഭക്ഷണംകഴിക്കാവുന്ന തരത്തിലാണ് 16 ഭക്ഷണ കാബിനുകള്‍ തയ്യാറാക്കുന്നത്. പ്രഭാത ഭക്ഷണം രാവിലെ ഏഴുമുതല്‍ ഒന്‍പതു വരെയും ഉച്ചഭക്ഷണം 11.30 മുതല്‍ മൂന്ന് മണി വരെയും നല്‍കും. നാലുമണി മുതല്‍ അഞ്ച് മണി വരെ ചായയും, 7.30 മുതല്‍ 10 മണിവരെ രാത്രി ഭക്ഷണവും നല്‍കും. 16 സ്‌കൂളുകളില്‍ നിന്നായി 32 ബസുകള്‍ കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. 250 ഓട്ടോറിക്ഷകളും അഞ്ചു ദിവസങ്ങളിലായി വിദ്യാര്‍ത്ഥികളുടെ യാത്രക്ക് ലഭ്യമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് രാത്രി രണ്ട് മണിവരെയും വാഹനസൗകര്യം ഏര്‍പ്പെടുത്തും. 21 വിദ്യാലയങ്ങളിലാണ് മത്സരാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. താമസസ്ഥലങ്ങളില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടാകും. അഞ്ചിന് രാവിലെ പത്തിന് ഭക്ഷണക്കലവറയില്‍ പാലുകാച്ചലും 11 മണിക്ക് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാറിന്റെ നേതൃത്തില്‍ കലവറ നിറയ്ക്കലും നടക്കും. 10 ന് വൈകീട്ട് നാലിന് കലോത്സവത്തിന്റെ സമാപനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

Post A Comment: