കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ചേരേണ്ട യോഗം തുടങ്ങുന്നതിന് മുന്പേ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറി.

എറണാകുളം -അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത നിര്‍ണായക വൈദിക സമിതി യോഗം മാറ്റിവെച്ചു. അല്‍മായ പ്രതിനിധികള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മുറിയില്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് യോഗം ചേരാനാകാത്തതെന്ന് സഭാനേതൃത്വം വ്യക്തമാക്കി.
വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയിലെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് ഹൗസിലായിരുന്നു നിര്‍ണായകമായ വൈദിക സമിതിയോഗം വിളിച്ചിരുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ചേരേണ്ട യോഗം തുടങ്ങുന്നതിന് മുന്പേ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറി.
ബിഷപ് ഹൗസില്‍ ഉണ്ടായിരുന്ന കര്‍ദ്ദിനാളിനെ വി വി അഗസ്റ്റിന്‍, സാബു ജോസ്, കെന്നഡി എന്നീ അല്‍മായരുടെ നേതൃത്വത്തില്‍ ബലംപ്രയോഗിച്ച്‌ തടഞ്ഞുവച്ചുവെന്നും അതിനാല്‍ യോഗത്തിന് എത്തില്ലെന്നും അറിയിച്ചതായി സഭാ നേതൃത്വത്തിന്റെ വിശദീകരണം.
സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്റെ അറിയിപ്പിന് പിന്നാലെ പ്രതിഷേധവുമായി അല്‍മായ സംഘം. തങ്ങള്‍ ആരെയും തടഞ്ഞുവച്ചിട്ടില്ലെന്നും പിതാവിനെതിരെ ചില വൈദികര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
പാസ്റ്റര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതെ വൈദികര്‍ തിടുക്കത്തില്‍ തീരുമാനം എടുക്കാന്‍ ശ്രമിക്കുന്നതായും ഇവര്‍ പറഞ്ഞു. കര്‍ദ്ദിനാളിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും ചേര്‍ന്നുളള നാടകീയ സംഭവങ്ങളായിരുന്നു ബിഷപ് ഹൗസിലില്‍ അരങ്ങേറിയത്.


Post A Comment: