കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ശേഷം രാഹുല്‍ ആദ്യമായാണ് വിദേശ ഇന്ത്യക്കാരുമായി നേരിട്ട് സംസാരിക്കുന്നത്മനാമ: ജാതിയുടെയും മതത്തിന്‍റെയും പേരില്‍ മോദി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് ഗുരുതരമായ പ്രശ്‌നങ്ങളാണ് നടക്കുന്നതെന്നും യുവാക്കളുടെ തൊഴിലില്ലായ്മ മുതലെടുത്ത് സമൂഹങ്ങള്‍ തമ്മില്‍ വിദ്വേഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്‌റൈനില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഇന്ത്യ ഒറിജിന്‍ എന്ന പരിപാടിയെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ശേഷം രാഹുല്‍ ആദ്യമായാണ് വിദേശ ഇന്ത്യക്കാരുമായി നേരിട്ട് സംസാരിക്കുന്നത്. 2019ല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലേക്ക് വരുമെന്നും പാര്‍ട്ടി അതിന് വേണ്ടി പ്രാപ്താനാണെന്നും രാഹുല്‍ പറഞ്ഞു. തിളക്കമുള്ള ഒരു പാര്‍ട്ടിയാക്കി കോണ്‍ഗ്രസിനെ മാറ്റുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ബി.ജെ.പിയുടെ കോട്ടയായിരുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടിയെടുക്കാന്‍ കഴിഞ്ഞെന്നും കഷ്ടിച്ചാണ് അവര്‍ അധികാരത്തിലെത്തിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 
ഇന്ത്യ ഇന്ന് സ്വതന്ത്രമാണ്. എന്നാല്‍ ഒരിക്കല്‍ കൂടി ഭീഷണിയുടെ പിടിയിലാണ്. ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആരോഗ്യമഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുക എന്നിവയാണ് കോണ്‍ഗ്രസ് രാജ്യപുരോഗതിക്കു വേണ്ടി മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post A Comment: