പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍സിനിമ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍.'പര്‍വതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങള്‍. സിനിമ ഒരു കൊടുമുടിയെങ്കില്‍ അത് കീഴടക്കാനാകട്ടെ.' ശ്രീകുമാര്‍ മേനോന്‍ കുറിപ്പില്‍ പറയുന്നു.
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വ്വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ശ്രീകുമാര്‍ മേനോന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം . . .
പ്രിയപ്പെട്ട പ്രണവ്,

സ്വാഗതം, പാഠപുസ്തകം പോലെ അച്ഛന്‍റെ പാദമുദ്രകള്‍ പതിഞ്ഞുകിടക്കുന്ന ലോകത്തിലേക്ക്. നിങ്ങളുടെ കുടുംബത്തിന് മീതേ വര്‍ഷങ്ങളായി ഒരു മഞ്ഞിന്‍പൂവ് പോലെ വിരിഞ്ഞുനില്‍ക്കുന്ന സിനിമയെന്ന മനോഹാരിതയുടെ വീട്ടിലേക്ക്.. അതിന്‍റെ ഒരു കോണില്‍ നിന്നുകൊണ്ട് ഒരിക്കല്‍ക്കൂടി സ്വാഗതം പറയുന്നു. ഏറെ യാത്രചെയ്യുന്ന,വായിക്കുന്ന,എഴുതുന്ന, പര്‍വതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങള്‍. സിനിമ ഒരു കൊടുമുടിയെങ്കില്‍ അത് കീഴടക്കാനാകട്ടെ.ഒരു ഭൂഖണ്ഡമെങ്കില്‍ അങ്ങോട്ടുള്ള യാത്ര ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെ. ഒരു കവിതയെങ്കില്‍ അതിന്‍റെ ഈണം എന്നും പ്രചോദിപ്പിക്കട്ടെ.. 'ആദി'യില്‍ വിജയമുണ്ടാകട്ടെ. എല്ലാ ആശംസകളും പ്രാര്‍ഥനകളും!

Post A Comment: