മലപ്പുറത്ത് എ ടി എം തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമം.


മലപ്പുറം: മലപ്പുറത്ത് എ ടി എം തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമം. പാലക്കാട് കോഴിക്കോട് ദേശീയപാതയ്ക്കു സമീപം രാമപുരത്തെ കാനറാ ബാങ്കിന്റെ എ.ടി.എം തകര്‍ത്താണ് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. എ.ടി.എമ്മിന്റെ ചില്ലുകള്‍ തകര്‍ത്താണ് മോഷണശ്രമം. വിദേശത്തു നടക്കുന്ന കവര്‍ച്ചാ രീതിയില്‍ വാഹനം കെട്ടി വലിച്ച് എടിഎം മെഷിന്‍ തന്നെ കടത്തി കൊണ്ടു പോയി പണം തട്ടാനാണു ശ്രമം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണു പോലീസ്.  രാമപുരം കടുങ്ങപുരം റോഡില്‍ കരിമ്പനക്കല്‍ കോംപ്ലക്‌സിലാണ് എ.ടി.എം പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് എ.ടി.എം തകര്‍ന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ബാങ്ക് ജീവനക്കാരും എത്തി. പ്രാഥമിക പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബാങ്കിന്റെ നിഗമനം.  എ.ടി.എമ്മിലെ സുരക്ഷാ ക്യാമറ കറുത്ത നിറം സ്‌പ്രേ ചെയ്ത് മറച്ച നിലയിലാണ്. ഈ കോപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. നാലു ദിവസം മുമ്പ് തേഞ്ഞിപ്പാലത്ത് എസ്.ബി.ഐയുടെ എ.ടി.എമ്മിലും സമാന മോഷണ ശ്രമം നടന്നിരുന്നു. 

Post A Comment: