സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കേസിലെ ആദ്യ വിധി ഇന്നുണ്ടാകും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കേസിലെ ആദ്യ വിധി ഇന്നുണ്ടാകും. കേസില്‍ തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മുന്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിളിനെതിരെ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്നു വിധിയുണ്ടാകുക. അതേസമയം, തെളിവു നശിപ്പിച്ചത് മുന്‍ ആര്‍.ടി.ഒ അടക്കമുള്ളവരാണെന്നും അവരെ പ്രതിചേര്‍ക്കണമെന്നും കാണിച്ച്‌ കെ.ടി മൈക്കിള്‍ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിച്ചേക്കും. കേസില്‍ പ്രതികളായ മൂന്നു പേരുടെ വിടുതല്‍ ഹര്‍ജിയും ഇന്ന് സി.ബി.ഐ കോടതി പരിഗണിക്കുന്നുണ്ട്. കേസിലെ വിചാരണ നടപടികളില്‍ നിന്ന് പിന്മാറിയ സി.ബി.ഐ ജഡ്ജി ജോണി സെബാസ്റ്റിയനെ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്ഥലംമാറ്റിയിരുന്നു. പകരം ജെ.നാസറിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചിരുന്നു.


Post A Comment: