ട്രംപിന്‍റെ ഈ പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണയാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്നത്.വാഷിംഗ്ടണ്‍: പാക്കിസ്ഥാന് കോടികണക്കിന് ഡോളറിന്‍റെ സഹായം നല്‍കിയിട്ടും അവര്‍ തിരികെ നല്‍കിയത് നുണയും വഞ്ചനയുമാണെന്നും, അല്ലാതെ വേറൊന്നുമല്ലെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്‍റെ ഈ പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണയാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്നത്. അമേരിക്ക 15 വര്‍ഷത്തിനിടെ പാക്കിസ്ഥാന് 3300 കോടി ഡോളറിന്റെ (2,14,500 കോടി രൂപ) സഹായം നല്‍കി എന്നാല്‍ ഒടുവില്‍ പാക്ക് അമേരിക്കയെ വിഢികളാക്കിയെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമൊന്നും പുതുതായില്ലെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറാ സാന്‍ഡേഴ്സ് വ്യക്തമാക്കി. ഈ വിഷയത്തില്‍ യുഎസിന്റെ നിലപാട് ഉറച്ചതാണ്. പാക്കിസ്ഥാന് നല്‍കി വരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് അമേരിക്ക കരുതുന്നുവെന്നും സാറാ സാന്‍ഡേഴ്സ് കൂട്ടിച്ചേര്‍ത്തു.  പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന പ്രസിഡന്റിന്‍റെ പ്രസ്താവന കാലതാമസം കൂടാതെ നടപ്പാക്കിയ യുഎസ്, അവര്‍ക്കുള്ള 115 കോടി ഡോളര്‍ (ഏകദേശം 7245 കോടി രൂപ) സുരക്ഷാ സഹായവും സൈനിക ഉപകരണങ്ങളുടെ വിതരണവും മരവിപ്പിച്ചിരുന്നു. താലിബാന്‍, ഹഖാനി നെറ്റ്വര്‍ക് ഭീകരസംഘടനകള്‍ക്കു താവളമൊരുക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ആദ്യപടിയായാണു സുരക്ഷാ സഹായം സസ്പെന്‍ഡ് ചെയ്തതെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് ഹീതര്‍ നോയെട് വ്യക്തമാക്കിയിരുന്നു. ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ ഇതു തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

Post A Comment: