അരോചക ശബ്ദത്തോടെ ഓടിക്കുന്ന ബുള്ളറ്റുകളാണ് ആര്‍ ടി ഒ ഏറെയും പിടികൂടുന്നത്

കാതടപ്പിക്കുന്ന ശബ്ദഘോഷത്തോടെ പറക്കുന്ന വാഹനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹനവകുപ്പ് രംഗത്ത്. കാതിന് പീഡനമാകുന്ന വിധത്തില്‍ അരോചക ശബ്ദത്തോടെ ഓടിക്കുന്ന ബുള്ളറ്റുകളാണ് ആര്‍ ടി ഒ ഏറെയും പിടികൂടുന്നത്. ബുള്ളറ്റിന്‍റെ സൈലന്‍സറിലെ ജാസി ഊരിമാറ്റി പകരം  ഘടിപ്പിച്ച്‌ ശബ്ദം കൂട്ടുന്നത് കേള്‍വിക്കാരെ അസ്വസ്ഥരാക്കുകയാണെന്ന പരാതിയെ തുടര്‍ന്നാണ്‌ വ്യാപകമായി പരിശോധന നടത്തി ഇത്തരം ബുള്ളറ്റുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
പിടിക്കപ്പെട്ടാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സൈലന്‍സറുകള്‍ മാറ്റിയ ശേഷം ആര്‍ടി ഓഫിസിലെത്തി പിഴയടക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കുന്നത്.  രജിസ്ട്രേഷന്‍ ലംഘനമായതിനാല്‍ വാഹനത്തിന്‍റെ രജിസ്ട്രേഷനടക്കം റദ്ദു ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. റെഡ് റൂസ്റ്റര്‍, ടൈല്‍ ഗണ്ണര്‍, വൈല്‍ഡ് ബോര്‍, ഇന്‍ഡോരി, ബാരല്‍, ഷാര്‍ക്ക്, മെഗാഫോണ്‍, ബഡാ പഞ്ചാബി തുടങ്ങിയ സൈലന്‍സറുകളാണ് യുവാക്കള്‍ ബുള്ളറ്റിന്റെ ശബ്ദം കൂട്ടാനായി ഉപയോഗിക്കുന്നത്. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നതുമാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം. 


എന്നാല്‍ ഇവയുയര്‍ത്തുന്ന ശബ്ദ, വായു മലിനീകരണങ്ങളെക്കുറിച്ച്‌ ഇവര്‍ ബോധവാന്‍മാരുമല്ല. ശബ്ദമേറിയ സൈലന്‍സറുകള്‍ ഘടിപ്പിച്ച വണ്ടികള്‍ സര്‍വീസിനായി കൊണ്ടുവന്നാല്‍ ടെസ്റ്റ്ഡ്രൈവ് നടത്തരുതെന്ന് പോലീസിന്‍റെ നിര്‍ദേശമുള്ളതായി ഷോറൂം ജീവനക്കാര്‍ വ്യക്തമാക്കി.

Post A Comment: