തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍.



ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ജയലളിത 2016 ഡിസംബര്‍ നാലിന് മരിച്ചിരുന്നതായി ശശികലയുടെ സഹോദരന്‍ വി ദിവാകരന്‍ പറഞ്ഞു. ഇതു മറച്ചുവെച്ച്‌ ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നിന് അന്ത്യം സംഭവിച്ചുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെന്ന് ദിവാകരന്‍ ആരോപിച്ചു. മന്നാര്‍കുടിയില്‍ നടന്ന എംജിആര്‍ ജന്മശതാബ്ദി ആഘോഷത്തിനിടെയായിരുന്നു ദിവാകരന്റെ വെളിപ്പെടുത്തല്‍. 'ഡിസംബര്‍ 4 ന് രാത്രി അമ്മ മരിച്ച ഉടന്‍ താന്‍ മന്നാര്‍ഗുഡിയില്‍ നിന്നും പോയി. അപ്പോളോ ആശുപത്രിയില്‍ അവരെ ഒരു ഉപകരണത്തില്‍ സൂക്ഷിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത താന്‍ ആശുപത്രി അധികൃതരോട് ചൂടായി. തമിഴ്നാട്ടിലെ തങ്ങളുടെ മറ്റു ബ്രാഞ്ചുകളുടെ സുരക്ഷ ആദ്യം ഉറപ്പുവരുത്തണം. അതിന് ശേഷം തങ്ങള്‍ വിവരം പുറത്തുവിട്ടോളാമെന്നായിരുന്നു അപ്പോളോയിലെ റെഡ്ഡി തന്നോട് പറഞ്ഞതെന്നും' ദിവാകരന്‍ പറയുന്നു. എന്നാല്‍, ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായശേഷം താന്‍ ഡോക്ടര്‍മാരുമായി സംസാരിച്ചുവെന്നും അതി ഗുരുതരാവസ്ഥയിലാണെന്നാണ് അവരില്‍നിന്ന് ലഭിച്ച വിവരമെന്നുമാണ് ദിനകരന്റെ വിശദീകരണം. നാലിനുതന്നെ ജയ മരിച്ചുവെന്ന വിവരം എവിടെനിന്ന് ലഭിച്ചുവെന്ന് തനിക്കറിയില്ലെന്നും വി ദിനകരന്‍ പറഞ്ഞു.

Post A Comment: