പ്രായം കണക്കിലെടുത്ത് ലാലുവിന് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അടക്കമുള്ളവരുടെ ശിക്ഷാവിധി പ്രത്യേക സിബിഐ കോടതി നാളത്തേക്ക് മാറ്റി. പ്രായം കണക്കിലെടുത്ത് ലാലുവിന് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.

ലാലു മുഖ്യമന്ത്രിയായിരിക്കെ 1991-94 കാലയളവില്‍ ദിയോഗര്‍ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ നല്‍കി 84.53 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിന്റെ ശിക്ഷ പ്രഖ്യാപിക്കുക. ലാലു പ്രസാദ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്. ഇതില്‍ ലാലു അടക്കം 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജഗനാഥ് മിശ്രയടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. നിലവില്‍ ബിര്‍സമുണ്ട ജയിലിലാണ് ലാലു അടക്കമുള്ള 16 പേര്‍.

Post A Comment: