ശ്രീജീവിന്‍റെ മരണത്തിലെ അന്വേഷണത്തില്‍ ഹൈക്കോടതി സിബിഐയോട് വിശദീകരണം തേടി.


കൊച്ചി: ശ്രീജീവിന്‍റെ മരണത്തിലെ അന്വേഷണത്തില്‍ ഹൈക്കോടതി സിബിഐയോട് വിശദീകരണം തേടി. സഹോദരന്‍ ശ്രീജീവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോടതിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ശ്രീജിത്തിന്‍റെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ മുഖ്യമന്ത്രി ഇടപെട്ടിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചുവെന്ന് ബോധ്യപ്പെടും വരെ സമരം തുടരാനാണ് ശ്രീജിത്തിന്‍റെ തീരുമാനം. നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നിരവധിപേരാണ് ഇന്നും സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. സുഹൃത്തുക്കള്‍ ഇന്ന് മുതല്‍ റിലേ നിരാഹാര സമരം നടത്തുന്നുണ്ട് ശ്രീജിത്ത് സമരം അവസാനിപ്പിക്കും വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പിലാണ് സുഹൃത്തുക്കള്‍. അതേസമയം, സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന സമരം 767ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Post A Comment: