സുപ്രീം കോടതിയെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി നാല് ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചതിനു പിന്നാലെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സമ്മര്‍ദ്ദത്തില്‍ദില്ലി: സുപ്രീം കോടതിയെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി നാല് ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചതിനു പിന്നാലെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സമ്മര്‍ദ്ദത്തില്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞതോടെ ജസ്റ്റീസ് മിശ്രയുടെ ബെഞ്ച് പിരിഞ്ഞു. കോടതി നടപടികള്‍ അവസാനിപ്പിച്ച്‌ ജസ്റ്റീസ് മിശ്ര മടങ്ങി. എന്നാല്‍ ജഡ്ജിമാരുടെ പരസ്യ വാര്‍ത്താസമ്മേളനത്തെ കുറിച്ച്‌ തുറന്ന കോടതിയില്‍ ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
അതിനിടെ, ഉച്ചകഴിഞ്ഞ് ജസ്റ്റീസ് മിശ്ര അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ജസ്റ്റീസിന്‍റെ പ്രവര്‍ത്തനം ഏകാധിപത്യപരമാണെന്നും ഇത് കോടതിയെ കുത്തഴിഞ്ഞ നിലയില്‍ ആക്കിയെന്നും ജഡ്ജിമാര്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ജസ്റ്റീസ് ജെ.ചെലമേശ്വര്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, മദന്‍ ബി.ലോകൂര്‍, രഞ്ജന്‍ ഗോഗയ് എന്നിവരാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. അതേസമയം, ജഡ്ജിമാരുടെ നടപടിക്കെതിരെ മുന്‍ ജഡ്ജിമാരില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇത് കോടതിയുടെ ചരിത്രത്തിലെ അസാധാരണ നടപടിയാണെന്ന് മുന്‍ ജഡ്ജിമാരായ കെ.ടി തോമസ്, കെ.ജി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രതികരിച്ചു. പ്രശ്ന പരിഹാരത്തിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഇത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റീസ് ബാലകൃഷ്ണന്‍ പറഞ്ഞു. സാധാരണക്കരുടെ ഏക ആശ്രയമാണ് കോടതി. കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതില്‍ തനിക്ക് ദുഃഖമുണ്ട്. പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. കോടതിക്കു മുകളില്‍ ഒധികാരിയും ഇല്ലാത്തതിനാല്‍ ആര്‍ക്കും ജഡ്ജിമാരെ ഉപദേശിക്കാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞതാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജസ്റ്റീസ് കെ.ടി തോമസ് പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. സുപ്രീം കോടതിക്കുള്ളില്‍ അധികാരത്തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത് നല്ലതല്ല. ഇക്കാര്യത്തില്‍ ആദ്യം പരിഹാരം പറയേണ്ടത് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് തന്നെയാണെന്നും കെ.ടി തോമസ് പറഞ്ഞു. കനത്ത പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നടപടിയെന്ന് മുന്‍ എ.ജി സോളി സൊറാബ്ജി പ്രതികരിച്ചു. ജനാധിപത്യം അപകടത്തിലാണെന്നാണ് കോണ്‍ഗ്രസ് ഈ നടപടിയോട് പ്രതികരിച്ചത്. അതിനിടെ, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രശ്ന പരിഹാരത്തിനായി നാളെ യോഗം വിളിച്ചിട്ടുണ്ട്.

Post A Comment: