പുണെ, ഒൗറംഗബാദ് എന്നിവിടങ്ങളില്‍ പൊലീസ് 144 പ്രഖ്യാപിച്ചു.

മുംബൈ: പുണെയില്‍ ദലിതുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്​ മഹാരാഷ്​ട്രയില്‍ പ്രതിഷേധം പടരുന്നു. ഭീമ-കൊരെഗാവ് യുദ്ധസ്മരണ ചടങ്ങിനിടെയാണ്​ ദലിതുകള്‍ ആക്രമിക്കപ്പെട്ടത്​. ഇതേ തുടര്‍ന്ന്​ മുംബൈയിലെ ചെമ്ബൂര്‍, മുളുണ്ട്, ഭാണ്ഡൂപ്, വിക്രൊളി, കുര്‍ള എന്നീ മേഖലകളിലും പുണെ, ഒൗറംഗബാദ് തുടങ്ങിയ ഇടങ്ങളില്‍ ചൊവ്വാഴ്ച പ്രതിഷേധം ഇരമ്ബി. റോഡ്, റെയില്‍ ഗതാഗതം തടഞ്ഞു.
പുണെ, ഒൗറംഗബാദ് എന്നിവിടങ്ങളില്‍ പൊലീസ് 144 പ്രഖ്യാപിച്ചു. ഭാരിപ്പ ബഹുജന്‍ മഹാസംഘ് അധ്യക്ഷനും അംബേദ്കറുടെ പേരക്കുട്ടിയുമായ പ്രകാശ് അംബേദ്കര്‍ സംസ്ഥാന വ്യാപകമായി ബുധനാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. ആക്രമണത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ തള്ളിയാണ് ബന്ദിന് ആഹ്വാനം. തെളിവുകള്‍ ശേഖരിക്കാനും ശിക്ഷ വിധിക്കാനും അധികാരമുള്ള സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് നിയോഗിക്കാന്‍ ഹൈകോടതി ചീഫ് ജസ്​റ്റിസിനോട് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
1818 ജനുവരി ഒന്നിന് ഈസ്​റ്റ്​ ഇന്ത്യ കമ്പനിക്കുവേണ്ടി ബാജിറാവ് രണ്ടാമ​ന്‍റെ നേതൃത്വത്തിലുള്ള മറാത്ത സൈന്യത്തെ ദലിതരായ മെഹര്‍ വിഭാഗക്കാര്‍ തുരത്തിയതി​​ന്‍റെ 200ാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. ബ്രാഹ്മണരായ പെശ്വകള്‍ക്ക് എതിരെയുള്ള ദലിതുകളുടെ വിജയമായാണ് ഇത് ആചരിക്കപ്പെടുന്നത്. ഇത്തവണ 'നവ പെശ്വകള്‍' എന്ന് വിശേഷിപ്പിച്ച്‌ ബിജെപി, ആര്‍എസ്എസ്, മറ്റ് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് എതിരെയുള്ള പ്രേരണദിവസമായാണ് സംഘാടകര്‍ കൊണ്ടാടിയത്. ജിഗ്​നേഷ് മേവാനി, രോഹിത് വെമുലയുടെ മാതാവ്​, ഉമര്‍ ഖാലിദ് തുടങ്ങിയവരെ ഞായറാഴ്ച ഒരു വേദിയില്‍ അണിനിരത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് അനുമതി നല്‍കിയതിനെതിരെ ചില ബ്രാഹ്മണ സംഘടനകള്‍ രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.


Post A Comment: