ബാര്‍ കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്.
കൊച്ചി: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്. അന്വേഷണത്തിന്‍റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നതില്‍ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. അതേസമയം കേസിന്‍റെ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച്‌ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിലെ വിവരങ്ങളാണ് ചോര്‍ന്നത്. കെ.എം.മാണിക്കെതിരെ തെളിവില്ല എന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. ഹൈക്കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിടുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി പറഞ്ഞു. കേസ് വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് രേഖകളുമായി ബന്ധപ്പെട്ട തുടര്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്. മാധ്യമ ചര്‍ച്ചകള്‍ കേസിന്‍റെ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഇടപെടല്‍. വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് വിജിലന്‍സ് അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് കോടതിയുടെ ഭാഗത്തുനിന്ന് കൂടുതല്‍ വിമര്‍ശനങ്ങളുണ്ടായില്ല. ഇനി ഇത്തരം കാര്യങ്ങള്‍ ഉണ്ടാകരുതെന്ന മുന്നറിയിപ്പ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയിരുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിജിലന്‍സ് സംഘത്തിന് ഹൈക്കോടതി 45 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. അതിനിടയില്‍ അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കണം.

Post A Comment: