ചെന്നൈ ആവഡിയില്‍ മലയാളി വീട്ടമ്മയെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നുചെന്നൈ: ചെന്നൈ ആവഡിയില്‍ മലയാളി വീട്ടമ്മയെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു. ആവഡിയില്‍ ഗോവര്‍ദ്ധനഗിരിയില്‍ താമസിക്കുന്ന ഗൗരി (68) ആണ് കൊല്ലപ്പെട്ടത്. മകന്‍റെ വീട്ടില്‍ വളര്‍ത്തിയിരുന്ന റോട്വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളാണ് ഗൗരിയെ കടിച്ചു കൊന്നത്. ഗൗരിയും ഭര്‍ത്താവ് ചന്ദ്രശേഖറും വീടിന്‍റെ താഴത്തെ നിലയിലും മകന്‍ സന്തോഷും കുടുംബവും വീടിന്‍റെ മുകളിലെ നിലയിലുമായിരുന്നു താമസിച്ചിരുന്നത്. മകന്‍റെ കുടുംബവുമായി അടുത്തിടപഴകിയിരുന്ന നായ്ക്കള്‍ പക്ഷെ ഗൗരിയെയും ഭര്‍ത്താവിനെയും അടുത്തേക്ക് വരാന്‍ അനുവദിക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ നായ്ക്കളുടെ സമീപത്തേക്ക് പോവാറില്ലായിരുന്നു. വീടിന്‍റെ ടെറസിലേക്ക് പോയപ്പോഴാണ് ഗൗരിയെ നായ്ക്കള്‍ ആക്രമിച്ചത്. നായ്ക്കള്‍ ടെറസിലുണ്ടെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. ഗൗരിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം നായ കടിച്ചു പറിച്ച നിലയിലായിരുന്നു. എന്നാല്‍ ടെറസില്‍ നിന്നും ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് മകന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയില്‍ അസ്വഭാവികത തോന്നിയതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Post A Comment: