കുപ്രസിദ്ധ ഗുണ്ടാത്തലവനും കൂട്ടാളിയും അറസ്റ്റില്‍.

തൃപ്രയാര്‍: വലപ്പാട് ആനവിഴുങ്ങിയില്‍ രണ്ടുകിലോ കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ടാത്തലവനും കൂട്ടാളിയും അറസ്റ്റില്‍. നടത്തറ കാച്ചേരി പുത്തന്‍വീട്ടില്‍ രാമദാസ് എന്ന കുട്ടിക്കടിയന്‍ രാമദാസ്, കൂട്ടാളി കുന്നംകുളം അടുപ്പുട്ടി ചുങ്കത്ത് ജോമോന്‍ എന്നിവരെയാണ് വലപ്പാട് പൊലീസും, ഡന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരുമാസത്തിനിടെ തീരമേഖലയില്‍ നിന്ന് വലപ്പാട് പൊലീസ് പിടികൂടിയത് ഇരുപതുകിലോ കഞ്ചാവ്. ഇന്നുവൈകീട്ട് നാലു മണിയോടെ വലപ്പാട് ആനവിഴുങ്ങിക്ക് പടിഞ്ഞാറെ റോഡില്‍ വെച്ചാണ് രാമദാസും, ജോമോനും പിടിയിലായത്. ഇവരുടെ കൈവശം ബാഗിനകത്ത് സൂക്ഷിച്ചിരുന്ന രണ്ടുകിലോ കഞ്ചാവും,സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കടവി രഞ്ജിത്തിന്റെ എതിര്‍ സംഘത്തിലുള്ളവരാണ് പിടിയിലായ രാമദാസും, ജോമോനും. വീടുകളില്‍ പോകാതെ പാടങ്ങളില്‍ താമസിച്ചാണ് ഇരുവരും കഞ്ചാവ് കച്ചവടം നടത്തുന്നത്. ജില്ലയിലെ ഒല്ലൂര്‍, മണ്ണുത്തി, ഗുരുവായൂര്‍, കുന്നംകുളം, വലപ്പാട്, അന്തിക്കാട്, തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളില്‍ കള്ളനോട്ട്, കൊലപാതകം, കൊലപാതകശ്രമം, അടിപിടി, പിടിച്ചുപറി എന്നിവയടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രാമദാസ്. പ്രതികളെ നാളെ രാവിലെ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും

Post A Comment: