കോണ്‍ഗ്രസുമായി ധാരണ വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖ സി.പി.എം കേന്ദ്രകമ്മിറ്റി വോട്ടിനിട്ടു തള്ളി.

കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി ധാരണ വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖ സി.പി.എം കേന്ദ്രകമ്മിറ്റി വോട്ടിനിട്ടു തള്ളി. 31 പേര്‍ രേഖയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 55 പേരാണ് എതിര്‍ത്തത്. എട്ട് സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനമുണ്ടായിരിക്കുന്നത്.
കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട് കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. ഈ കരട് രേഖയായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുക. കാരാട്ടിന്റെ കരട് രേഖക്കെതിരായ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസിന് സ്വീകരിക്കാനും സാധിക്കും.
നേരത്തെ, കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് യെച്ചൂരി അവതരിപ്പിച്ച കരട് രേഖ പിബി പാടെ തള്ളിയിരുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ പോലും പാടില്ലെന്നാണ് ഡിസംബറില്‍ ചേര്‍ന്ന പിബിയില്‍ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നത്.
രണ്ട് കരട് രേഖകളാണ് കേന്ദ്രകമ്മിറ്റിക്ക് മുമ്പാകെ വന്നത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം സമവായ ചര്‍ച്ച നടന്നെങ്കിലും കാരാട്ട് വിഭാഗം നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റിയില്‍ കേരള ഘടകം പ്രകാശ് കാരാട്ടിനെ അനുകൂലിച്ചപ്പോള്‍ ബംഗാള്‍ ഘടകത്തിന്റെ പിന്തുണ യെച്ചൂരിക്കായിരുന്നു.

Post A Comment: