നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം പ്രത്യേകമായ നിയമങ്ങള്‍ ഓരോ ഇടവകയ്ക്കും രൂപതയ്ക്കും എഴുതിയുണ്ടാക്കും.

തിരുവനന്തപുരം: സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടിന്റെ പശ്ചാത്തലത്തില്‍ ദ കേരള ക്രിസ്ത്യന്‍ ചര്‍ച്ച്‌ പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ട്രസ്റ്റ് ആക്‌ട് ബില്‍ സര്‍ക്കാര്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നു. ക്രൈസ്തവസഭകളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പാക്കുന്ന ബില്ലാണിത്.
ബില്‍ പരിശോധിക്കാന്‍ നിയമവകുപ്പിനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചര്‍ച്ച്‌ ആക്‌ട് നടപ്പാക്കുന്നതിനെ സഭകള്‍ എതിര്‍ത്താല്‍ ദേവസ്വം ബോര്‍ഡ്, വഖഫ് ബോര്‍ഡ് എന്നീ മാതൃകയില്‍ ചര്‍ച്ച്‌ ബോര്‍ഡ് സ്ഥാപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആക്ടോ, ബോര്‍ഡോ നടപ്പാക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
2009 ല്‍ ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷന്‍ തയ്യാറാക്കിയ ബില്‍ നിയമസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ബില്‍ നിയമമാക്കാന്‍ ശ്രമിച്ചിരുന്നില്ല.
ആക്‌ട് പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ നിലവില്‍ സഭകളും പള്ളികളും നടപ്പാക്കുന്ന സഭാനിയമങ്ങള്‍ അസാധുവാകും. ചില സഭകള്‍ ആക്ടിനെ അംഗീകരിക്കുന്നില്ലെങ്കിലും യാക്കോബായ, ലത്തീന്‍ സഭകളില്‍ നിന്നും സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗത്തില്‍ നിന്നും ബില്ലിന് അനുകൂലമായ നിലപാടാണുള്ളത്.
പ്രധാന വ്യവസ്ഥകള്‍,
പള്ളികെട്ടിടങ്ങള്‍, ചാപ്പലുകള്‍, ശവക്കോട്ട, മറ്റ് സ്വത്തുക്കളെല്ലാം പളളി സ്വത്തുക്കളായി കണക്കാക്കണം. ഇവ വാങ്ങുന്നതും സ്വീകരിക്കുന്നതുമെല്ലാം നിയമപ്രകാരമാകണം. ആശുപത്രി, സെമിനാരി, അനാഥാലയം, ധ്യാനകേന്ദ്രം. മാധ്യമ പ്രസിദ്ധീകരണ ശാലകള്‍ എന്നിവയുടെ ഭരണ പുരോഹിത മേല്‍ക്കോയ്മയില്‍നിന്ന് ഒഴിവാക്കി ജനാധിപത്യ രീതിയില്‍ അല്‍മായ നേതൃത്വത്തിലായിരിക്കണം.
ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ഓരോ പള്ളിയും രജിസ്റ്റര്‍ ചെയ്തിരിക്കണം. നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം പ്രത്യേകമായ നിയമങ്ങള്‍ ഓരോ ഇടവകയ്ക്കും രൂപതയ്ക്കും എഴുതിയുണ്ടാക്കും. ജനകീയ സമിതിയായിരിക്കും നിയമങ്ങള്‍ തയ്യാറാക്കേണ്ടത്. ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുക തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് കമ്മറ്റിയായിരിക്കും.
മതസ്ഥാപനങ്ങള്‍ക്ക് സ്വത്ത് ഭരിക്കാന്‍ അവകാശമുണ്ടെന്ന് ഭരണഘടനയുടെ 29ാം വകുപ്പ് അനുശാസിക്കുന്നു. എന്നാല്‍ ഈ നിയമം സ്വന്തം ഇഷ്ടപ്രകാരമാണ് സഭകള്‍ പാലിക്കുന്നത്. ആക്‌ട് നിലവില്‍ വരുന്നത് വഴി സഭാ സ്വത്തില്‍ ഓരോ അല്‍മായനും തുല്യ അവകാശിയാണ്.


Post A Comment: