ഓട്ടന്‍തുള്ളല്‍ വേദിയില്‍ കുഴഞ്ഞുവീണ് പ്രശസ്ത തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍ (58) മരിച്ചു.തൃശൂര്‍: ഓട്ടന്‍തുള്ളല്‍ വേദിയില്‍ കുഴഞ്ഞുവീണ് പ്രശസ്ത തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍ (58) മരിച്ചു. അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ പള്ളിവേട്ട ദിനമായിരുന്ന ഇന്നലെ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ രാത്രി എട്ടിനായിരുന്നു സംഭവം. സമീപത്തുള്ള പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണു മരണകാരണം. കേരള കലാമണ്ഡലത്തില്‍ തുള്ളല്‍ അഭ്യസിച്ച അദ്ദേഹം അവിടെ അധ്യാപകനായും തുള്ളല്‍വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. വീരശൃംഖലയും തുള്ളല്‍ കലാനിധി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കഥകളിപ്പദക്കച്ചേരിയെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ചരിത്രത്തിലാദ്യമായി തുള്ളല്‍പ്പദക്കച്ചേരി അവതരിപ്പിച്ചു. ഓട്ടന്‍തുള്ളലിന്‍റെ പിതാവ് കുഞ്ചന്‍നമ്ബ്യാര്‍ക്കുള്ള ഗാനാഞ്ജലിയായിരുന്നു അത്. പാരീസില്‍ ആദ്യമായി തുള്ളല്‍ അവതരിപ്പിച്ചത് ഗീതാനന്ദനാണ്. 1984-ല്‍ ഫ്രാന്‍സില്‍ പത്തു വേദികളില്‍ തുള്ളല്‍ അവതരിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തോളം വേദികള്‍ പൂര്‍ത്തിയാക്കി. "കല്യാണസൗഗന്ധികം" ഏറെ പ്രശംസ നേടി. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം തൂവല്‍ കൊട്ടാരം, മനസിനക്കരെ, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. കേരള സംഗീതനാടക അക്കാഡമിയുടെയും കേരള കലാമണ്ഡലത്തിന്റെയുമടക്കം പുരസ്കാരങ്ങള്‍ നേടി. 
അച്ഛന്‍ മഠത്തില്‍ പുഷ്പവത്ത് കേശവന്‍ നമ്ബീശന്‍ പ്രശസ്ത തുള്ളല്‍ കലാകാരനായിരുന്നു. ദാരിദ്ര്യം മാത്രമാണു സമ്പാദ്യമെന്ന അനുഭവം മൂലം അദ്ദേഹം തുള്ളല്‍ പഠിക്കണമെന്ന മകന്‍റെ മോഹത്തിനു തടസംപറഞ്ഞു. മകന്‍റെ വാശിക്കു വഴങ്ങി അദ്ദേഹംതന്നെ ആദ്യത്തെ ഗുരുവായി. അമ്പലത്തില്‍ കഴകം ജോലി ചെയ്തിരുന്ന ഗീതാനന്ദനെ 1974-ല്‍ കലാമണ്ഡലത്തില്‍ ചേര്‍ത്തതും അച്ഛനാണ്. 1983 മുതല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്നു. നീനാ പ്രസാദ്, കാവ്യ മാധവന്‍ തുടങ്ങി ശിഷ്യരിലും പ്രശസ്തരേറെ. 
ഭാര്യ ശോഭ നൃത്താധ്യാപികയാണ്. മക്കള്‍: സനല്‍ കുമാര്‍, ശ്രീലക്ഷ്മി. ജ്യേഷ്ഠന്‍ കലാമണ്ഡലം വാസുദേവന്‍ മൃദംഗം വിദ്വാന്‍.

Post A Comment: