അറ്റകുറ്റപണികള്‍ നടത്താന്‍ പൊതുമരാമത്ത് അധികൃതര്‍ കാണിച്ച അലംഭാവമാണ് മേഖലയിലെ യാത്രാ ദുരിതത്തിന് കാരണം

കുന്നംകുളം:   പൊതുമരാമത്ത്‌ വകുപ്പിന്‍റെ അനാസ്ഥ, കുന്നംകുളം അക്കികാവ് റോഡിനെ അപകട മേഖലയാക്കുന്നു. കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി വെട്ടി പൊളിച്ച റോഡ്‌ ഒരു കൊല്ലം തികയാറായിട്ടും അറ്റകുറ്റപണികള്‍ നടത്താന്‍ പൊതുമരാമത്ത് അധികൃതര്‍ കാണിച്ച അലംഭാവമാണ് മേഖലയിലെ യാത്രാ ദുരിതത്തിന് കാരണം. കഴിഞ്ഞ വര്ഷം തുടക്കത്തിലാണ്‌ തൃത്താല പാവറട്ടി ജലവിതരണ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ ജലവിതരണ വകുപ്പ് പദ്ധതി തയ്യാറാക്കുകയും ഇതിനായി  റോഡ്‌ വെട്ടിപൊളിക്കാന്‍ അനുമതിക്കായി പൊതുമരാമത്ത് വകുപ്പിനെ സമീപിക്കുകയും ചെയ്തത്. എന്നാല്‍ റോഡിലെ പൊളിച്ചു മാറ്റുന്ന ഭാഗത്തെ റീ ടാറിംഗ് നടത്താനാവശ്യമായ മുഴുവന്‍ തുകയും കെട്ടി വെക്കാന്‍ വകുപ്പ് അധികൃതര്‍ ആവശ്യപെടുകയും ഇതനുസരിച്ച് പണം കെട്ടി വെച്ച ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ പൈപ്പ് മാറ്റി സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. റോഡിന്‍റെ നിലവിലെ സാഹചര്യം പരിശോധിക്കാതെ പഴയ പൈപ്പുകളുടെ അതെ സ്ഥാനത്ത് തന്നെ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു. ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയുടെ നിര്‍മാണം പൂര്കത്തീരിച്ചിരുന്നത് പരിഗണിക്കാതെ റോഡരികില്‍ നിന്ന് 3 മീറ്റര്‍ വിട്ടാണ് പൈപ്പിന് കുഴിയെടുത്തത്. 2 മീറ്റര്‍ വീതിയിലുള്ള കുഴിയടക്കം ഇത്തരത്തില്‍ 5 മീറ്റര്‍ സ്ഥലമാണ് റോഡില്‍ നിന്നും ഉപയോഗ ശൂന്യമാക്കിയത്. ഇതിനിടയില്‍ മഴയില്‍ റോഡ്‌ കൂടുതല്‍ തകര്‍ന്നതോടെ  നിരന്തരം വാഹനാപകടങ്ങള്‍ നടക്കുന്ന മേഖലയായി ഈ പ്രദേശം മാറി. പൈപ്പ് മാറ്റി വെക്കല്‍ കഴിഞ്ഞ ഉടനെ തന്നെ റോഡ്‌ അറ്റകുറ്റപണികള്‍ നടത്താന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാതിരുന്നതോടെ  ഇത് വഴിയുള്ള യാത്ര അപകടം നിറഞ്ഞതാകുകയായിരുന്നു. അറ്റകുറ്റപണികള്‍ നീണ്ടു പോയതോടെ പഴയ നിരക്കില്‍ അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ കഴിയാതായി. ഇതോടെ കൂടുതല്‍ തുക വകയിരുതേണ്ടി വരും.  സര്‍ക്കാര്‍ ഖജനാവിന് കൂടുതല്‍ നഷ്ടം സഹിക്കേണ്ടിവരും എന്നുറപ്പാണ്. 

Post A Comment: