കുന്നംകുളം സ്പോര്‍ട്സ് ഡിവിഷന് താഴുവീണിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു


കുന്നംകുളം: നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും കായിക മുന്നേറ്റത്തിന്റെ പ്രഭവ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കുന്നംകുളം സ്പോര്‍ട്സ് ഡിവിഷന് താഴുവീണിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന കായിക കേന്ദ്രമായ  തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂളിനൊപ്പം 1976 ലാണ് കേരള സര്‍ക്കാര്‍ കുന്നംകുളത്തേതടക്കം നാല് സ്പോര്‍ട്സ് ഡിവിഷനുകള്‍ക്ക് ജന്മം നല്‍കുന്നത്. കുന്നംകുളം ബോയ്സ് സ്കൂളില്‍ ആരംഭിച്ച ഈ സ്പോര്‍ട്സ് ഡിവിഷന് തുടക്കത്തില്‍ തന്നെ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ ബാച്ചില്‍ തന്നെ 45 വിദ്യാര്‍ഥികള്‍ പ്രവേശനവും നേടിയതോടെ നഗരത്തിന്റെ കായിക സംസ്കാരത്തിന് അത് പുത്തനുണര്‍വാണ് സമ്മാനിച്ചത്‌. അതുവരെ ബാസ്കറ്റ്ബോളിനു മാത്രം ലഭിച്ചിരുന്ന ജന ശ്രദ്ധ മറ്റു കായിക ഇനങ്ങള്‍ക്കും ലഭിച്ചു തുടങ്ങിയത് സ്പോര്‍ട്സ് ഡിവിഷന്റെ വരവോടെയാണ്. ഹോസ്റ്റലിനും ആഹാരത്തിനും മാത്രമായി സര്‍ക്കാര്‍ സഹായം പരിമിതപ്പെടുത്തിയിരുന്നു എങ്കിലും കായിക സാമഗ്രികളും യാത്രാചിലവുകളും സ്വന്തമായി സംഘടിപ്പിച്ച് ഡിവിഷന്‍ വലിയ മുന്നേറ്റം നടത്തി. തുടര്‍ന്ന് മൂന്ന് വര്‍ഷങ്ങളില്‍ കൂടി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയെങ്കിലും സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലായത്തോടെ 1979 ല്‍ ഡിവിഷന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനമായി. മൂന്ന് വര്‍ഷത്തിനു ശേഷം അവസാന ബാച്ചും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതോടെ ഡിവിഷന്‍ ഒരു ജനതയുടെ സ്മരണകളില്‍ മാത്രമായി.  120 ഓളം വരുന്ന ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ഥികളില്‍ പലരും പിന്നീട ഇന്ത്യ അറിയപ്പെടുന്ന കായിക താരങ്ങളായി വളര്‍ന്നു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലി, ഏഷ്യാഡ് താരം സി ഹരിദാസ്‌, കേരള സര്‍വകലാശാല അത്ലറ്റിക് കോച്ച് ഡോ: സനല്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ അവരില്‍ ചിലരാണ്.
നിലവില്‍ കുന്നംകുളം ബോയ്സ് ഹൈസ്കൂള്‍ വളരെ ശോചനീയ നിലയിലാവുകയും കായിക മന്ത്രിയായി എ സി മൊയ്തീന്‍ ചുമതല ഏല്‍ക്കുകയും ചെയ്തതോടെ വീണ്ടും സ്കൂളിനെ സ്പോര്‍ട്സ് ഡിവിഷനാക്കി മാറ്റണമെന്ന ആവശ്യം പൂര്‍വ്വ വിദ്യാര്‍ത്ഥികല്‍ ഉയര്‍ത്തുന്നുണ്ട്. ജില്ലയിലെ തന്നെ വലിയ ഗ്രൌണ്ടുകളില്‍ ഒന്നായ സീനിയര്‍ ഗ്രൌണ്ടിന്റെയും അവിടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും സാമിപ്യം നഗരത്തിനു നഷ്ടപ്പെട്ട കായിക പെരുമ തിരിച്ചു പിടിക്കാനുള്ള അനുകൂല ഘടകങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തെ ഉപയോഗപ്പെടുത്താന്‍ ഭരണാധികാരികള്‍ തയ്യാറാകുമെന്ന് തന്നെയാണ് പ്രതീക്ഷ.   


Post A Comment: