ഭീകരാക്രമണത്തില്‍ 5 ജവാന്മാരാണ് കൊല്ലപ്പെട്ടത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 3 ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു മുന്‍പായി ഭീകരന്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ജെയ്‌ഷെ മുഹമ്മദ്. ഭീകരാക്രമണത്തില്‍ 5 ജവാന്മാരാണ് കൊല്ലപ്പെട്ടത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 3 ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ചയാണ് പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാംപിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ദൈവം നിശ്ചയിച്ചതുപോലെ ഈ സന്ദേശം നിങ്ങളിലെത്തുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അതിഥിയായി ഇരിക്കുന്നുണ്ടാവുംഎട്ടു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ ഭീകരന്‍ പറയുന്നു. തോക്കുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും നടുവിലിരുന്നാണ് ഭീകരന്‍ സംസാരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയില്‍ ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ കശ്മീരി യുവാക്കളോട് ഇയാള്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. കശ്മീര്‍ താഴ്വരയെ ജെയ്‌ഷെ മുഹമ്മദ് തകര്‍ക്കുമെന്നും അവരെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഭീകരന്‍ വിഡിയോയില്‍ പറയുന്നു.
ചാവേര്‍ ആക്രമണം നടത്തുന്ന ഭീകരര്‍ ആദ്യമായാണ് ഇത്തരമൊരു വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ പൊലീസ് പരിശോധിച്ചുവരികയാണ്.
കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പൊലീസുകാരന്റെ മകനാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ജെയ്‌ഷെ മുഹമ്മദില്‍ 17 കാരനായ ഫര്‍ദീന്‍ അഹമ്മദ് ചേര്‍ന്നത്. ജമ്മു കശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിളിന്റെ മകനായ ഫര്‍ദീനെ 2017 സെപ്റ്റംബര്‍ 15 മുതലാണ് കാണാതായത്. കാണാതായി ഒരു മാസം കഴിഞ്ഞപ്പോള്‍ കൈയ്യില്‍ എകെ-47 തോക്കുപിടിച്ചു കൊണ്ട് നില്‍ക്കുന്ന ഗുലാമിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. ഇതോടെയാണ് ഫര്‍ദീന്‍ ജെയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചത്.


Post A Comment: