ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കുള്ള ധനസഹായം മന്ത്രിയെന്ന പദവി ഉപയോഗിച്ച്‌ കെകെ ശൈലജ അനധികൃതമായി കൈപ്പറ്റിയെന്നാണ് ആരോപണം.

തിരുവനന്തപുരം: അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം. വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തുക. പരാതിയില്‍ കഴമ്പുണ്ടോയെന്ന് വിജിലന്‍സ് പരിശോധിക്കും.
ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കുള്ള ധനസഹായം മന്ത്രിയെന്ന പദവി ഉപയോഗിച്ച്‌ കെകെ ശൈലജ അനധികൃതമായി കൈപ്പറ്റിയെന്നാണ് ആരോപണം. മെഡിക്കല്‍ റീ ഇമ്ബേഴ്സ്മെന്റിന് ഹാജരാക്കിയ ബില്ലുകളില്‍ ആഹാരത്തിന്‍റെ ബില്ലും ഉള്‍പ്പെട്ടിട്ടിണ്ടെന്നും അതിനും തുക വാങ്ങിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചില ആശുപത്രികളുടെ പേരില്‍ വ്യാജബില്ലും സമര്‍പ്പിച്ചു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ചുള്ള പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.
എന്നാല്‍ തനിക്കേതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച്‌ മന്ത്രിതന്നെ രംഗത്തെത്തിയിരുന്നു ചട്ടപ്രകാരം തന്നെയാണ് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കിയതെന്നാണ് മന്ത്രിയുടെ നിലപാട്. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം പിന്തുടര്‍ന്ന രീതി തന്നെയാണ് താനും പാലിച്ചത്. മന്ത്രിയെന്ന നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയോ റീഇമ്ബേഴ്സ്മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടര്‍ചികിത്സയ്ക്ക്് മാത്രമാണ് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ പോയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതിനിടെ, 28,000 രൂപയുടെ കണ്ണട വാങ്ങിയെന്ന ആരോപണമവും മന്ത്രിക്കെതിരേ ഉയര്‍ന്നിരുന്നു.കാഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നിര്‍ദേശിച്ചതുപ്രകാരമാണ് അനുയോജ്യമായ കണ്ണട വാങ്ങിയതെന്നും വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫീസ് ഇതിനോട് പ്രതികരിച്ചിരുന്നു.


Post A Comment: