ചന്ദ്രനിൽ തുരങ്കങ്ങള്‍ എവിടേക്കാണ് നിർണായക അന്വേഷണത്തിന് നാസ
ഏറെ വർഷങ്ങൾക്കു
ശേഷം ചന്ദ്രനിലേക്ക് വീണ്ടും യാത്രികരെ അയയ്ക്കൊരുങ്ങുകയാണെന്ന് അമേരിക്കൻ ബഹിരാകാശ
ഏജൻസി നാസ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനുള്ള
ഒരുക്കവും ആരംഭിച്ചു കഴിഞ്ഞു. ചന്ദ്രനിലെത്തുമ്പോൾ എവിടെ
ഇറങ്ങണം എന്ന കാര്യത്തിലുൾപ്പെടെ ഗവേഷണം
തകൃതിയാണ്. അതിന്റെ ഭാഗമായി ചന്ദ്രനിലേക്കു നേരത്തേ അയച്ച വിവിധ പേടകങ്ങളിൽ നിന്നുള്ള
ചിത്രങ്ങളും വിശദമായി പരിശോധിക്കുന്നു. അത്തരമൊരു പരിശോധനയ്ക്കിടെയാണ് നിർണായകമായൊരു
കാഴ്ച നാസയിലെ ഗവേഷകരുടെ മുന്നിൽപ്പെട്ടത്.
ചന്ദ്രനിലെ ചില തുരങ്കങ്ങളിലേക്കുള്ള വഴികാട്ടിയെന്നവണ്ണം ഏതാനും അടയാളങ്ങൾ! ആ
തുരങ്കങ്ങളിൽ തണുത്തുറഞ്ഞ ജലമായിരിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.
നിഗമനം ശരിയായാൽ ചന്ദ്രനിൽ വെള്ളമുണ്ടോയെന്ന
കാര്യത്തിൽ വ്യക്തമായ ഉത്തരമായിരിക്കും
നാസയുടെ അടുത്ത ചാന്ദ്രയാത്ര നൽകുക. നാസ അയച്ച
ലുണാർ റികോണസെൻസ് ഓർബിറ്ററിൽ നിന്നുള്ള
ചിത്രങ്ങളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ചന്ദ്രന്റെ വടക്കു ധ്രുവത്തിൽ നിന്നുള്ള
ചിത്രങ്ങളായിരുന്നു ഏറെയും. അതിൽത്തന്നെ ഫിലൊലോസ്
വിള്ളലിനു സമീപത്തായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. വടക്കൻ ധ്രുവത്തിൽ നിന്ന്
550 കിലോമീറ്റർ മാറിയായിട്ടായിരുന്നു
ഫിലൊലോസ് വിള്ളൽ. ഏകദേശം 70കിലോമീറ്റര്‍ വിസ്താരമുള്ള പ്രദേശം. ഇവിടെയാണ് അസാധാരണ കാഴ്ച നാസയുടെ
ശ്രദ്ധയിൽപ്പെട്ടത്– വൃത്താകൃതിയിലുള്ള ചെറുകുഴികളുടെ നിഴൽ ദൃശ്യങ്ങളായിരുന്നു
അവ.
എന്താണ് കുഴിക്ക് ഉള്ളിലെന്നു കണ്ടെത്താൻ തക്കവിധം
ക്വാളിറ്റിയുണ്ടായിരുന്നില്ല ചിത്രങ്ങൾക്ക്. പ്രത്യേകിച്ച്
നിഴൽ പ്രദേശം കൂടിയാണിവിടം. അതു തന്നെയാണ് തണുത്തുറഞ്ഞ
ജലത്തിന്റെ സാന്നിധ്യത്തിനു സാധ്യതയേറെയാണെന്നു പറയാനും കാരണം. 15–30 മീറ്റർ വിസ്താരത്തിലാണ് ദ്വാരങ്ങള്‍.
ഒന്നുകിൽ ഇത് വെളിച്ചം സൃഷ്ടിച്ച നിഴൽ രൂപങ്ങളായിരിക്കാം.
അല്ലെങ്കിൽ ചന്ദ്രന്റെ ഉപരിതലത്തിനു തൊട്ടുതാഴെയായുള്ള
തുരങ്കങ്ങളിലേക്കുള്ള വഴി. ചന്ദ്രന്റെ രൂപീകരണ സമയത്തുണ്ടായിരുന്നു ലാവ ട്യൂബുകളാകാനുമുണ്ട്
സാധ്യത. ഇതിൽ ലാവ തണുത്തുറഞ്ഞ് കട്ടിയായിരിപ്പുണ്ടാകാം.
എന്നാൽ തുരങ്കത്തിൽ ഐസിന്റെ
സാന്നിധ്യത്തിനാണ് ഏറെ സാധ്യത കൽപിക്കുന്നത്.
അതിനുള്ള പല തെളിവുകളും ലഭിച്ചിട്ടുണ്ട്. ആകൃതിയുും വലുപ്പവും പ്രകാശവിന്യാസവും ഭൂമിശാസ്ത്രപരമായ
കിടപ്പും പരിഗണിച്ചാൽ അത് തുരങ്കങ്ങൾ തന്നെയാകാനാണു
സാധ്യതയെന്നും നാസ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ഇരുനൂറോളം കുഴികൾ ഇതിനോടകം
കണ്ടെത്തിയിട്ടുണ്ട്. പക്ഷേ മാറ്റമില്ലാതെ ഇന്നും നിഴൽ പ്രദേശമായി
തുടരുന്ന ഫിലൊലോസ് വിള്ളലിലാണ് ഇപ്പോൾ കണ്ടെത്തിയ
കുഴികളെന്നതാണ് താത്പര്യം വർധിപ്പിക്കുന്നത്.
ഇവിടങ്ങളിൽ ജലം തണുത്തുറഞ്ഞിരിപ്പുണ്ടാകുമെന്ന
കാര്യത്തിൽ വർഷങ്ങൾക്കു
മുൻപേ ഗവേഷകർ നിഗമനത്തിലെത്തിയിരുന്നു.
പക്ഷേ എവിടെയാണ് ജലം? അവിടേക്കുള്ള വഴി ഏതാണ് എന്നതിനുള്ള
ഉത്തരമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതെന്നും അവർ വിശ്വസിക്കുന്നു.
ഇവ വെറും ലാവ ട്യൂബ് ആണോ അതോ ഐസ് നിറഞ്ഞ ലാവ ട്യൂബ്
ആണോയെന്ന കാര്യത്തിൽ ഗവേഷണം ശക്തമാക്കാനാണു
നാസയുടെ തീരുമാനം. സംഗതി പോസിറ്റീവ് ആണെങ്കിൽ ഭാവിയാത്രികർക്ക്
ജലസ്രോതസ്സ് ലഭ്യമാക്കുക മാത്രമല്ല ചന്ദ്രന്റെ രൂപീകരണം സംബന്ധിച്ച നിർണായക
വിവരങ്ങളും തുരങ്കത്തിൽ നിന്നു ലഭിക്കുമെന്നു തന്നെയാണു
ഗവേഷകരുടെ പ്രതീക്ഷ. ഇതേരീതിയിൽ തന്നെ ചൊവ്വയിലും
വെള്ളത്തിനായുള്ള അന്വേഷണം നടത്താമെന്ന ഗുണവുമുണ്ട്.
Post A Comment: