ആലുവ പൂവപ്പാടം നന്ദനത്തിലെ പി.വി.വൈശാഖിനെ ആണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ പൂവപ്പാടം നന്ദനത്തിലെ പി.വി.വൈശാഖിനെ ആണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന് ഐ.ടി.ആക്‌ട് 67 എ പ്രകാരമാണ് അറസ്റ്റ്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മരട് എസ്.ഐ. ആന്റണി അറിയിച്ചിട്ടുണ്ട്.
എം. സ്വരാജ് എം.എല്‍.എയ്ക്കൊപ്പമുള്ള ചിത്രം ദുരുപയോഗം ചെയ്ത് തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതിനെതിരെയാണ് ജനുവരി 25ന് ഷാനി പ്രഭാകരന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. തന്റെയും എം.എല്‍.എയുടേയും ചിത്രം ഉപയോഗിച്ച്‌ ലൈംഗികചുവയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുന്നുവെന്നായിരുന്നു പരാതി.
അപവാദ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന ലിങ്കുകള്‍ സഹിതമാണ് ഷാനി പരാതി നല്‍കിയത്.


Post A Comment: