പാറശാല പൊലീസ് കസ്റ്റഡിയില്‍ ശ്രീജിവ് എന്ന യുവാവ് മരിച്ച സംഭവം സിബിഐ അന്വേഷിക്കും
തിരുവനന്തപുരം: പാറശാല പൊലീസ് കസ്റ്റഡിയില്‍ ശ്രീജിവ് എന്ന യുവാവ് മരിച്ച സംഭവം സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച ഉറപ്പ് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗില്‍ നിന്ന് ലഭിച്ചു. എംപിമാരായ കെസി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാലും ശശി തരൂരും ഇന്ന് രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം കേന്ദ്രപേഴ്സണല്‍ മന്ത്രി ജിതേന്ദ്രസിംഗ് സിബിഐ ഡയറക്ടറുമായി ഉടന്‍ ചര്‍ച്ച ചെയ്യും. നേരത്തെ കേസില്‍ സിബിഐ അന്വേഷണം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രപേഴ്സണല്‍ മന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം എന്ന ആവശ്യം സംസ്ഥാനം വീണ്ടും ശക്തമാക്കിയത്. അതേസമയം, സിബിഐ അന്വേഷണം തുടങ്ങുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്ത് വ്യക്തമാക്കി. സഹോദരന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ 766 ദിവസമായി ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ്. 2014 മേയ് 21 ന് പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജിവ് മരണപ്പെടുന്നത്. ഇതിനിടെ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി ശ്രീജിവിന്‍റെ അമ്മ ഗവര്‍ണ്ണറെ സമീപിച്ചിട്ടുണ്ട്. സിബിഐ അന്വേഷണത്തിനായുള്ള എല്ലാവിധ പിന്തുണയും നല്‍കാമെന്ന് ഗവര്‍ണ്ണര്‍ ഉറപ്പ് നല്‍കിയതായി ഇവര്‍ അറിയിച്ചു. 32 ദിവസമായി തുടരുന്ന ശ്രീജിത്തിന്‍റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ഇന്നു മുതല്‍ റിലേ സമരവുമായി നവമാധ്യമക്കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്. ശ്രീജിത്തിന്‍റെ സമരത്തിന് ഐക്യദാര്‍ഡ്യവുമായി നൂറ് കണക്കിന് പേരാണ് എത്തി കൊണ്ടിരിക്കുന്നത്. വിഎം സുധീരനും വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കളും ഇന്ന് ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും ശ്രീജിത്തിന്‍റെ സമരത്തിന് പിന്തുണയുമായി എത്തി.

Post A Comment: