അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം നാളെ ചെന്നൈയില്‍ ചേരും.നിയമസഭ സമ്മേളനത്തിന് മുന്നോടിയായുള്ള അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം നാളെ ചെന്നൈയില്‍ ചേരും. കൂടുതല്‍ എം.എല്‍.എമാര്‍ ദിനകരന്‍ പക്ഷത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്. ആര്‍.കെ നഗറിലെ വിജയത്തോടെ ഭരണപക്ഷത്തുനിന്നും കൂടുതല്‍ പേരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ദിനകരന്‍ ഊര്‍ജ്ജിതമാക്കി. ദിനകരന് അനുകൂല നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍ നിരവധി പ്രവര്‍ത്തകരെ അണ്ണാ ഡി.എം.കെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. വരുന്ന എട്ടാം തിയ്യതി നിയമസഭയും ചേരാനിരിക്കുന്നു. ഈ സാഹചര്യത്തിലാണ് എം. എല്‍.എമാരുടെ നിര്‍ണായക യോഗം പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്നത്. മുഴുവന്‍ എം.എല്‍.എമാരും പങ്കെടുത്തില്ലെങ്കില്‍ അത് ഭരണപക്ഷത്തിന് തിരിച്ചടിയാകും.  സ്പീക്കറുള്‍പ്പെടെ നൂറ്റി പതിമൂന്ന് പേരാണ് ഭരണപക്ഷത്തുള്ളത്.നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് വെല്ലുവിളി ഇല്ല. പക്ഷേ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലും നിയമസഭ വിളിച്ചുചേര്‍ത്ത് വിശ്വാസ വോെട്ടടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലും മദ്രാസ് ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതോടെ രാഷ്ട്രീയ നാടകങ്ങള്‍ വീണ്ടും സജീവമാകും. അതേ സമയം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന്‍ രജനീകാന്ത് വെബ്‌സൈറ്റും, മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി. പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പ് കൂടുതല്‍ ആളുകളെ കൂടെ നിര്‍ത്തുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് നേരത്തെയുണ്ടാകും എന്ന ഉറപ്പ് ബി.ജെ.പി രജനിക്ക് നല്‍കിയിട്ടുണ്ടെന്നും അതാണ് പെട്ടന്നുള്ള നീക്കങ്ങള്‍ക്ക് കാരണമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 

Post A Comment: