തൃശ്ശൂരിലെ കുന്നംകുളം, ഗുരുവായൂര്‍, പറപ്പൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ സമരത്തിനൊരുങ്ങുന്നു

തൃശ്ശൂര്‍: തൃശ്ശൂരിലെ കുന്നംകുളം, ഗുരുവായൂര്‍, പറപ്പൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ സമരത്തിനൊരുങ്ങുന്നു. അശാസ്ത്രീയ റോഡ് നിര്‍മ്മാണം മൂലം അപകടങ്ങളും ഗതാഗത കുരുക്കും ഇവിടെ രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് സമരം. കണ്ണൂര്‍, കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളടക്കം 400 ഓളം ബസുകള്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവ ഉള്‍പ്പെടെയാണ് പണിമുടക്കുന്നത്. ഈ മാസം 23 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസ് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. കേച്ചേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കുക, തൃശൂര്‍-കുന്നംകുളം റോഡിലെ ടാറിംഗ് പൂര്‍ത്തീകരിക്കുക, ശോഭ സിറ്റി, മുതുവറ എന്നിവിടങ്ങളിലെ വാഹനസാന്ദ്രത കുറയ്ക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് സമരത്തിന് പിന്നില്‍. മുതുവറ മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കും അശാസ്ത്രീയമായ റോഡ് അറ്റകുറ്റപണിയും മൂലം സര്‍വ്വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ബസ് ഉടമകള്‍ പറഞ്ഞു. റോഡുകളുടെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കും കാരണം പ്രതിദിനം അഞ്ച് മുതല്‍ പത്ത് ലിറ്റര്‍ വരെ ഇന്ധനത്തിന് അധികചെലവാണെന്ന് വിവിധ അസോസിയേഷന്‍ ഭാരവാഹികളും പറഞ്ഞു.

Post A Comment: