റോഹിങ്ക്യന്‍ ജനതകളെ രണ്ടുവര്‍ഷത്തിനുള്ളില്‍ തിരികെ സ്വീകരിക്കാമെന്ന മ്യാന്മറിന്‍റെ കരാര്‍ അംഗീകരിച്ച്‌ ബംഗ്ലാദേശ് സര്‍ക്കാര്‍ധാക്ക: മ്യാന്‍മറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകളെ രണ്ടുവര്‍ഷത്തിനുള്ളില്‍ തിരികെ സ്വീകരിക്കാമെന്ന മ്യാന്മറിന്‍റെ കരാര്‍ അംഗീകരിച്ച്‌ ബംഗ്ലാദേശ് സര്‍ക്കാര്‍. അഭയാര്‍ത്ഥികളെ തിരികെ സ്വീകരിക്കുന്ന നടപടികള്‍ ആരംഭിച്ചതിന് ശേഷമാണ് ഇരു രാജ്യങ്ങളും പുതിയ നയം വ്യക്തമാക്കിയത്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിലാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് മുന്‍പ് തിരികെ എത്തുന്നവര്‍ക്ക് മ്യാന്മാര്‍ ഭരണകുടം താത്കാലിക അഭയ കേന്ദ്രങ്ങളാണ് നല്‍കുന്നതെന്നും, അതിനാല്‍ രണ്ട് വര്‍ഷത്തിനുളളില്‍ ഇവരെ പൂര്‍ണമായി സ്വീകരിക്കുമെന്ന് മ്യാന്മാര്‍ വ്യക്തമാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ അതിര്‍ത്തിയില്‍ റോഹിങ്ക്യ ജനതയെ തിരിച്ചയക്കുന്നതിനയായി 5 പുതിയ സെന്ററുകളും സ്ഥാപിക്കുമെന്നും വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 625,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മ്യാന്മാറിന് ആഗോളതലത്തില്‍ നിന്ന് നേരിടേണ്ടി വന്ന സമ്മര്‍ദം കാരണം നവംബറില്‍ റോഹിങ്ക്യകളെ തിരികെ സ്വീകരിക്കുന്നതിന് ബംഗ്ലാദേശുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. ജനുവരി അവസാനത്തോടെ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരാറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Post A Comment: