നെയ്യാറ്റിന്‍കര താലൂക്കിലെ 25 കുടുംബങ്ങള്‍ക്ക് 22 ലക്ഷം രൂപ വീതം മുഖ്യമന്ത്രി കൈമാറി

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതര്‍ക്കുള്ള ധനസഹായവിതരണം ആരംഭിച്ചു. നെയ്യാറ്റിന്‍കര താലൂക്കിലെ 25 കുടുംബങ്ങള്‍ക്ക് 22 ലക്ഷം രൂപ വീതം മുഖ്യമന്ത്രി കൈമാറി. ഓഖി ദുരന്തബാധിതരുടെ പുന:രധിവാസം പൂര്‍ണമായും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയും ചേര്‍ത്താണ് സഹായം. കാണാതായവരെ കണ്ടെത്താനായില്ലെങ്കിലും ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരച്ചില്‍ നടക്കുന്ന കാലത്ത് ഈ തുകയുടെ പലിശയ്ക്ക് തുല്യമായ തുക ആശ്രിതര്‍ക്ക് പ്രതിമാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടംബങ്ങള്‍ക്ക് ആദ്യം പത്തുലക്ഷം വീതമായിരുന്നു സഹായധനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ലത്തീന്‍ സഭ ഉള്‍പ്പെടെ രംഗത്തെത്തിയതോടെ സര്‍വകക്ഷിയോഗം വിളിച്ച്‌ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ ആറിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓഖി ദുരിതബാധിതര്‍ക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും ജോലി ചെയ്യാന്‍ കഴിയാത്തവിധം പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതവുമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്.

Post A Comment: