ജുഡിഷ്യറിയെ ആക്രമിക്കാന്‍ ആര്‍.എസ്.എസിന് ഒത്താശ ചെയ്തുകൊടുക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറാണെന്ന് കോണ്‍ഗ്രസ്

ദില്ലി: ജുഡിഷ്യറിയെ ആക്രമിക്കാന്‍ ആര്‍.എസ്.എസിന് ഒത്താശ ചെയ്തുകൊടുക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറാണെന്ന് കോണ്‍ഗ്രസ്. ട്വിറ്ററിലൂടെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചത്. ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ ആരോപണമുന്നയിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആര്‍.എസ്.എസ് വക്താവ് ജെ. നന്ദകുമാര്‍ പ്രതികരിച്ചതിന് പുറകെയാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം. 'ഏറ്റവും പരിതാപകരമായ അവസ്ഥ. ആര്‍.എസ്.എസിലൂടെ ബി.ജെ.പി ജുഡീഷ്യറിയെ ആക്രമിക്കുകയാണ്. ജനാധിപത്യത്തിന് നാശം സംഭവിക്കുന്ന സമയമാണിത്. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരം വേണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രശ്നം പരിഹരിക്കുകയാണെന്ന മട്ടില്‍ ആശയക്കുഴപ്പത്തിലാക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത്' എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ട്വീറ്റ്.
ആര്‍.എസ്.എസിന്‍റെ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ജെ.നന്ദകുമാറിന്‍റെ അഭിപ്രായത്തോടുള്ള പ്രതികരണമായിരുന്നു കോണ്‍ഗ്രസിന്‍റേതെന്ന് വ്യക്തമാണ്. സി.പി.ഐ നേതാവ് രാജ സുപ്രീംകോടതി ജഡ്ജിമാരിലൊരാളെ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇവര്‍ പത്രസമ്മേളനം നടത്തിയതെന്നും അതിനാല്‍ സംഭവത്തിന് പുറകില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു നന്ദകുമാറിന്‍റെ ആരോപണം. സമയം നിര്‍ണായകമായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. നാല് ജഡ്ജിമാരും ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. നിയമവ്യവസ്ഥയില്‍ സാധാരണ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ജഡ്ജിമാര്‍ പെരുമാറിയത്. പരസ്യമായാണ് ഇവര്‍ വിഴുപ്പലക്കിയത്. ഇനി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജഡ്ജമിര്‍ക്കെതിരെ ആരോപണം ഉന്നയിക്കാം. സുപ്രീംകോടതിയില്‍ മാത്രമല്ല, ഹൈകോടതികളിലും ഇതുതന്നെ സംഭവിക്കാം. ഈ സ്ഥാപനങ്ങളെ രക്ഷിക്കാന്‍ ഇനി നമുക്കെന്താണ് ചെയ്യാന്‍ കഴിയുക? എന്നും നന്ദകുമാര്‍ ചോദിച്ചിരുന്നു.

Post A Comment: