വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് രജനീകാന്ത് അറിയിച്ചിരുന്നു.

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്ന രജനീകാന്തിന്‍റെ പാര്‍ട്ടി 2019 മുതല്‍ എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് അവകാശപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍.
രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന രജനീകാന്തിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നതായും അഴിമതി വിരുദ്ധ സര്‍ക്കാര്‍ എന്ന ബിജെപിയുടെ അതേ നയം തന്നെയാണ് രജനീകാന്തും മുന്നോട്ടുവെക്കുന്നതെന്നും അവര്‍ പറഞ്ഞു. അഴിമതിക്കെതിരെ ഉറച്ച ശബ്ദമുയര്‍ത്താന്‍ ബിജെപിയാണ് ഏറ്റവും യോജിച്ചത്. അതുകൊണ്ട് തന്നെ രജനീകാന്ത് ബിജെപിക്കൊപ്പം നിലയുറപ്പിക്കും. തമിളിസൈ സൗന്ദരരാജന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് രജനീകാന്ത് അറിയിച്ചിരുന്നു. നിലവില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനാണ് രജനിയുടെ തീരുമാനമെങ്കിലും ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരിക്കും രജനിയുടെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം രജനീകാന്തിന്‍റെ രാഷ്ട്രീയപ്രവേശനം ഡി.എം.കെയെ ദോഷമായി ബാധിക്കുമെന്ന പ്രചാരണം പാര്‍ട്ടി വര്‍ക്കിങ് അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ നിഷേധിച്ചു. രജനീകാന്തിന് ഡി.എം.കെ രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ മുന്നോട്ട് പോകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.


Post A Comment: