സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായാണ് ‘തേജസ്വിനി’ എന്ന പേരില്‍ ഈ പദ്ധതി ആരംഭിക്കുന്നത്.ആലപ്പുഴ: രക്തദാന മേഖലയിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിക്കാനൊരുങ്ങി ജില്ലാ കുടുംബശ്രീ മിഷനു കീഴിലുള്ള ജെന്‍ററിന്‍റെ പ്രവര്‍ത്തകര്‍. ജില്ലാ കുടുംബശ്രീ മിഷനു കീഴിലുള്ള ജെന്റര്‍ സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായാണ് തേജസ്വിനിഎന്ന പേരില്‍ ഈ പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാനത്തു തന്നെ ഇത്തരത്തിലൊരു പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷനിലാണ്. തേജസ്വിനി ആരോഗ്യ ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ആര്‍ പി മാര്‍ക്കുള്ള പരിശീലനം നല്‍കി. പരിശീലനം ലഭിച്ച ആര്‍ പി മാര്‍ ഈ പദ്ധതി വാര്‍ഡുകളില്‍ അവതരിപ്പിക്കും. ജില്ലയിലെ 79 സി ഡി എസുകളില്‍ നിന്നുള്ള 158 ആര്‍ പി മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കുള്ള അസുഖങ്ങളെക്കുറിച്ചും, പാലിക്കേണ്ട മുന്‍കരുതലുകളേക്കുറിച്ചും, ലക്ഷണം കണ്ടാല്‍ അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനേക്കുറിച്ചുമുള്ള ബോധവല്‍ക്കരണവും നല്‍കി. പരിശീനത്തില്‍ പങ്കെടുത്തവരില്‍ നിന്നും ഗ്രൂപ്പുകള്‍ പരിശോധിക്കാനായി രക്ത സാമ്പിളുകള്‍ ശേഖരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. എ ഡി എം സി. കെ ബി അജയകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രവീണ്‍ ജേക്കബ് നൈനാന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡി പി എം മോള്‍ജി ഖാലിദ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Post A Comment: