നടിയെ ആക്രമിച്ച കേസിന്‍റെ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമില്ല.


കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമില്ല. കേസില്‍ തുടര്‍ നടപടികള്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കോടതി താക്കീത് ചെയ്തു. ദിലീപിന്‍റെ ആശങ്ക ന്യായമാണെന്നും കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാന്‍ ജാഗ്രത വേണമെന്നും കോടതി നിര്‍ദേശിച്ചു. കേസിലെ കുറ്റപത്രം പരിഗണിക്കുന്നതിന് മുമ്പ് പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നായിരുന്നു പ്രതിയായ ദിലീപിന്‍റെ പരാതി. പൊലീസ് കുറ്റപത്രം ചോര്‍ത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. എന്നാല്‍, പൊലീസ് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന വാദം പ്രോസിക്യൂഷന്‍ നിഷേധിച്ചിരുന്നു. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് എടുക്കാനായി നല്‍കിയ ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നോ പ്രതികളില്‍ നിന്നോ ആയിരിക്കാം കുറ്റപത്രം ചോര്‍ന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

അതേസമയം, കുറ്റപത്രത്തോടൊപ്പം തെളിവുകളോ മറ്റു രേഖകളോ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളോ നല്‍കിയില്ലെന്നും ഇത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികള്‍ കൂടി ദിലീപ് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് 22ലേക്ക് മാറ്റിയിരുന്നു.

Post A Comment: