കുറിഞ്ഞിമലയില്‍ കയ്യേറ്റം വ്യാപകമാണെന്ന് ബോധ്യപ്പെട്ടു

കുറിഞ്ഞി ദേശീയ ഉദ്യാനമെന്നത് കടലാസില്‍ മാത്രമൊതുങ്ങിയെന്ന് ബോധ്യമായതായി ദേശീയ ജനാധിപത്യ സഖ്യം ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍. കുറിഞ്ഞി ഉദ്യാനം യൂക്കാലി ഉദ്യാനമായി മാറിയെന്നും കുറിഞ്ഞിമല സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കുറിഞ്ഞിമലയില്‍ കയ്യേറ്റം വ്യാപകമാണെന്ന് ബോധ്യപ്പെട്ടു. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുടെ പിന്തുണയോടെ നടക്കുന്ന കയ്യേറ്റത്തെപ്പറ്റി സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യാനം സംബന്ധിച്ച് ഇരു മുന്നണികളും വ്യാജപ്രചരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ്. സമയബന്ധിതമായി സര്‍വ്വേ പൂര്‍ത്തിയാക്കിയാല്‍ ആരെയും ഇറക്കി വിടേണ്ടി വരില്ല.  മറിച്ചുള്ള പ്രചരണം വ്യാജമാണ്. യൂക്കാലി തോട്ടം മൂലം ഒരു കുറിഞ്ഞി പോലും അവിടെ വളരാത്ത സാഹചര്യമാണ് ഉള്ളത്. 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ കുറിഞ്ഞി ഉദ്യാന മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാവിലെ കോവിലൂരില്‍ എത്തിയ എന്‍ഡിഎ പ്രതിനിധി സംഘത്തിന് ബിജെപി വട്ടവട പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. തലമുറകളായി താമസിക്കുന്ന ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന പദ്ധതിക്കേ എന്‍ഡിഎ കൂട്ടു നില്‍ക്കുകയുള്ളുവെന്ന് ചടങ്ങില്‍ സംസാരിച്ച ജെആര്‍എസ് നേതാവ് സി കെ ജാനു പറഞ്ഞു. 

Post A Comment: