8,954 വിദ്യാര്‍ഥികളാണ് കലാ പൂരത്തില്‍ പങ്കെടുക്കുന്നത്


തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കൊടിയുയര്‍ന്നു. പ്രധാനവേദിക്കു മുന്നില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. പിന്നാലെ തൊട്ടരികിലുള്ള മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ കൗണ്ടറുകളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 

ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറുക. 2008 നുശേഷം ആദ്യമായി പരിഷ്‌കരിച്ച പുതിയ ചട്ടങ്ങളനുസരിച്ച് മത്സര ഇനങ്ങള്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമില്ല. 80 ശതമാനം മാര്‍ക്കു നേടുന്നവര്‍ക്ക് എ ഗ്രേഡ് നല്‍കും. ഇവര്‍ക്കെല്ലാം ട്രോഫികള്‍ സമ്മാനിക്കും. നേരത്തെ 70 ശതമാനം ലഭിക്കുന്നവര്‍ക്കായിരുന്നു എ ഗ്രേഡ്. 

ആര്‍ഭാടം കുറച്ച് ഘോഷയാത്ര ഒഴിവാക്കി, പകരം ദൃശ്യവിസ്മയം ഏര്‍പ്പെടുത്തി. ഏഴു നാളിലെ മത്സരം അഞ്ചിലേക്കു ചുരുക്കി. മൂന്നു മത്സര ഇനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തി. ഗ്രേസ് മാര്‍ക്ക് സാധാരണ പോലെ നല്‍കും.

8,954 വിദ്യാര്‍ഥികളാണ് കലാ പൂരത്തില്‍ പങ്കെടുക്കുന്നത്. അപ്പീലുകളിലൂടെ വരുന്ന കുട്ടികളടക്കം പന്ത്രണ്ടായിരത്തോളം കുട്ടികള്‍ കലോത്സവത്തിനുണ്ടാകും. തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയുള്‍പ്പെടെ 24 സ്‌റ്റേജുകളിലാണ് മത്സരം.


Post A Comment: