ഓഖി ദുരന്തത്തിനുള്ള ഫണ്ട് ദുരുപയോഗം ചെയ്തത് സര്‍ക്കാരിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ച.
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫിസ് ഒന്നും അറിയുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ഇത്തരത്തില്‍ ഒരു ഓഫിസെന്നും മുഖ്യമന്ത്രിയല്ലെങ്കില്‍ പിന്നെയാരാണ് ഫയലില്‍ ഒപ്പിടുന്നതെന്ന് അന്വേഷണ വിധേയമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി ദുരന്തത്തിനുള്ള ഫണ്ട് ദുരുപയോഗം ചെയ്തത് സര്‍ക്കാരിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണ്. ഓഖി ദുരന്തം മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള ഫണ്ടാണ് ദുരുപയോഗം ചെയ്തത്. ഹെലിക്കോപ്റ്റര്‍ വിളിച്ചത് ഡിജിപി അറിഞ്ഞില്ല എന്ന് പറയുന്നതും തെറ്റാണ്. ഇത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഡിജിപി ആവശ്യപ്പെട്ടതനുസരിച്ചാണ് ഹെലിക്കോപ്റ്റര്‍ വിളിച്ചതെന്ന്. എന്നിട്ടും അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്. കഴിഞ്ഞ ദിവസം രണ്ട് എസ്പിമാരെ മാറ്റിയ വിവരം അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞത്. ഐപിഎസ് ഒാഫിസര്‍മാരെ സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി അല്ലാതെ മാറ്റാര്‍ക്കും കഴിയില്ല. മുഖ്യമന്ത്രി ഒപ്പിട്ടാല്‍ മാത്രമെ അത് നിലവില്‍ വരൂ. മുഖ്യമന്ത്രിയല്ലേ ഇപ്പോള്‍ ഫയലില്‍ ഒപ്പിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇതൊന്നും അറിയുന്നില്ല. ഒന്നുകില്‍ മുഖ്യമന്ത്രി അറിഞ്ഞിട്ട് അറിഞ്ഞില്ലെന്ന് പറയുന്നു. അതല്ലെങ്കില്‍ അദ്ദേഹത്തിന് പകരമായി മറ്റാരോ ഫയലുകളില്‍ ഒപ്പിടുന്നു. ഇതില്‍ ഏതാണ് നടക്കുന്നതെന്ന് വിശദമായി അന്വേഷിക്കണം. ഉപദേശകന്മാരുടെ ഉപദേശമാണ് മുഖ്യമന്ത്രിയെ വഴിതെറ്റിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വി ടി ബല്‍റാമിന്റെ നേരെയുണ്ടായിരിക്കുന്ന ആക്രമണം ഫാഷിസ്റ്റ് നടപടിയാണെന്ന് ചോദ്യത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. ട്രംപ്, മോദി, പിണറായി വിജയന്‍, കിന്‍ ജോണ്‍ ഉന്‍ ഇവര്‍ നാലുപേരും ഒരുപോലെയാണ്. ഇഷ്ടമുള്ളപ്പോള്‍ വാര്‍ത്താസമ്മേളനം വിളിക്കും പക്ഷേ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളോടുമാത്രമല്ല അറിയാനുള്ള അവകാശത്തോടുള്ള കടുത്ത വെല്ലുവിളി കൂടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് വിപുലീകരണം സംബന്ധിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും ആരുപോകുകയും ആരു വരികയും ചെയ്യുന്നത് യുഡിഎഫിനെ സംബന്ധിച്ച് വിഷയമല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ജനതാദള്‍(യു) യുഡിഎഫ്് വിടുമോയെന്നത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെന്നും നാളത്തെ സ്ഥിതിയെന്താണെന്ന് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Post A Comment: