കേഡലിനെ നില വഷളായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി



തിരുവനന്തപുരം: നന്തന്‍കോട്ട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൂട്ടക്കൊലചെയ്ത കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായ കേഡല്‍ ജീന്‍സണ്‍ രാജ ( 30 )യെ ഭക്ഷണം ശ്വാസകോശത്തില്‍ കയറി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില്‍ അധികൃതര്‍ ഇന്നലെ ഉച്ചയോടെ അബോധാവസ്ഥയില്‍ എത്തിച്ച കേഡലിനെ നില വഷളായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുന്ന കേഡലിന്‍റെ ചികിത്സാ പുരോഗതി വിലയിരുത്താന്‍ ഏഴ് വകുപ്പിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ജന്നി രോഗമുള്ള കേഡലിന് ആഹാരം കഴിക്കുന്നതിനിടെ അസുഖം വരുകയും ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങുകയുമായിരുന്നു. രക്തസമ്മര്‍ദ്ദം താഴുകയും ചെയ്തു. അന്നനാളത്തിലും ശ്വാസകോശത്തിലും കുടുങ്ങിയ ഭക്ഷണം നീക്കം ചെയ്തെങ്കിലും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.  2017 ഏപ്രിലിലാണ് കേഡല്‍ മാതാപിതാക്കളായ നന്തന്‍കോട് ബെയിന്‍സ് കോമ്ബൗണ്ട് 117ല്‍ റിട്ട. പ്രൊഫസര്‍ രാജതങ്കം (60), റിട്ട. ഡോക്ടര്‍ ജീന്‍ പദ്മ (58), സഹോദരി കരോലിന്‍ (25), ബന്ധു ലളിത (70) എന്നിവരെ കൊന്ന് മുറിയിലിട്ട് കത്തിച്ചത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കില്‍ കെട്ടിയ നിലയിലും മറ്റൊന്ന് വെട്ടി നുറുക്കിയ നിലയിലുമായിരുന്നു. പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും കണ്ടെത്തിയിരുന്നു.

Post A Comment: