എന്തും ചെയ്യാനുള്ള അധികാരമുള്ളവരല്ല പോലീസ്. നിയമ പ്രകാരമുള്ളവ മാത്രമാണ് പോലീസിനും ചെയ്യാന്‍ സാധിക്കുക

കൊല്ലം: മോശമായി പെരുമാറുന്ന പോലീസുകാര്‍ക്ക് കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ഓര്‍മിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം സിറ്റി പോലീസിനു ലഭിച്ച ഐഎസ്‌ഒ സര്‍ട്ടിഫിക്കറ്റ് കൈമാറുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പോലീസ് സേനയ്ക്കു ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.
എന്തും ചെയ്യാനുള്ള അധികാരമുള്ളവരല്ല പോലീസ്. നിയമ പ്രകാരമുള്ളവ മാത്രമാണ് പോലീസിനും ചെയ്യാന്‍ സാധിക്കുക. എന്നാല്‍ പോലീസിനു പോലീസിന്റേതായ രീതി പ്രകടിപ്പിക്കാനാണു സ്വാഭാവികമായി താല്‍പര്യമുണ്ടാവുക. പോലീസ് സ്റ്റേഷനില് തെറിയും മര്‍ദനവും വേണ്ട. സര്‍വീസിലിരിക്കെ കീര്‍ത്തി നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. ദുഷ് പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പോലീസിന് ഇടപെടാം. അതിനുള്ള അധികാരവും അവകാശവും പോലീസിനുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഒരാളുടെ നേര്‍ക്ക് ക്രമവിരുദ്ധമായി ഇടപെടാന്‍ പോലീസിന് അധികാരമുണ്ടോ? ഇത്തരത്തില്‍ ഇടപെടുന്ന ചിലര്‍ പോലീസിലുണ്ട്. ജാഗ്രത എപ്പോഴും കരുതണം. അല്ലെങ്കില്‍ ഉള്ള പേരും മോശമാകും. ഭാവിക്കും തകരാറു സംഭവിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.
കൊല്ലത്ത് ബൈക്ക് യാത്രികനെ പോലീസ് കൈയേറ്റം ചെയ്ത സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം. സിപിഎം കൊല്ലം ജില്ലാ സമ്മേളന വേദിക്കടുത്തുവച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നന്ദുവിനെയാണ് പോലീസ് കൈയേറ്റം ചെയ്തത്. നന്ദുവിന്റെ സ്കൂട്ടര്‍ പിങ്ക് പൊലീസിന്റെ വാഹനത്തില് മുട്ടി എന്നാരോപിച്ചായിരുന്നു മര്‍ദനം. ജില്ലാ സമ്മേളന നഗരിയിലുണ്ടായിരുന്ന നേതാക്കളെത്തിയാണ് നന്ദുവിനെ പോലീസിന്റെ പിടിയില് നിന്നും മോചിപ്പിച്ചത്.


Post A Comment: