ജനലുകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.

തൃശൂര്‍: വീടുകളില്‍ പ്രത്യേക തരത്തിലുള്ള കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കുന്നെന്ന പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനലുകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഇത്തരത്തില്‍ സന്ദേശം പ്രചരിക്കുന്നതു റേഞ്ച് ഐജിമാര്‍ അന്വേഷിക്കും. പൊലീസിനു ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു നിയമസഭയില്‍ വിഷയം ഉന്നയിച്ചത്.

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സ്റ്റിക്കര്‍ പതിക്കുന്നത് മോഷ്ടാക്കളുടെ സംഘങ്ങള്‍ക്ക് വിവരം കൈമാറുന്ന രീതിയാണെന്നും ഇതിനായി വീടുകളെ അടയാളപ്പെടുത്തുന്നതാണെന്നുമുള്ള തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണവും നടക്കുന്നുണ്ട്. കേരള പോലീസിന്റെ പേരിലാണ് ഇത്തരം സന്ദേശം വാട്‌സ് ആപ്പ് പോലുള്ള മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

സ്റ്റിക്കറുകള്‍ പതിച്ചതായി കാണപ്പെട്ട സംഭവത്തില്‍ ജാഗ്രത പാലിക്കാന്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമുകള്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവം സംബന്ധിച്ച് ആരില്‍നിന്നെങ്കിലും വിവരം ലഭിച്ചാല്‍ ഉടന്‍ പരിശോധനകള്‍ നടത്താനും നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയതായും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്ന വാദത്തിനു കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Post A Comment: