ദളിത് വിഭാഗക്കാര്‍ എന്നും സമൂഹത്തിന്റെ താഴെത്തട്ടില്‍ കഴിയണമെന്നാണ് ബിജെപിയും ആര്‍എസ്‌എസും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു

മുംബൈ: ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേയുള്ള ചെറുത്ത് നില്‍പ്പാണ് മുംബൈയില്‍ ദളിത് വിഭാഗങ്ങള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ദളിത് വിഭാഗക്കാര്‍ എന്നും സമൂഹത്തിന്റെ താഴെത്തട്ടില്‍ കഴിയണമെന്നാണ് ബിജെപിയും ആര്‍എസ്‌എസും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉന സംഭവവും രോഹിത് വെമൂലയുടെ മരണവും ഒടുവില്‍ ഭീമ കൊറേഗാവ് സംഭവവുമെല്ലാം ദളിത് ചെറുത്ത് നില്‍പ്പിന്റെ അടയാളങ്ങളാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. അതിനിടെ, അക്രമത്തെ അപലപിച്ച്‌ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രംഗത്തെത്തി. തിങ്കളാഴ്ച നടന്ന ഭീമ കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികാഘോഷത്തില്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലര്‍ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയവരായിരുന്നു. എന്നാല്‍ പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിലയ കലാപം ഒഴിവാക്കാന്‍ സാധിച്ചതായി ഫഡ്നാവീസ് അവകാശപ്പെട്ടു.
കഴിഞ്ഞ 200 വര്‍ഷമായി മഹാരാഷ്ട്രയില്‍ ഈ ദിവസം ആഘോഷിക്കുന്നുണ്ടെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍, ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവം ഇതുവരെയുണ്ടായിട്ടില്ല. 200ാം വാര്‍ഷികം പ്രമാണിച്ച്‌ കൂടുതല്‍ ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. പക്ഷെ അവരെ നീയന്ത്രിക്കാനുള്ള സേനയെ വിന്യസിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും എന്‍സിപി നേതാവ് കുറ്റപ്പെടുത്തി.
കലാപത്തെ തുടര്‍ന്ന് അപവാദ പ്രചാരണങ്ങള്‍ തടയുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടു. കലാപത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടത് വളരെ ദൗര്‍ഭാഗ്യകരമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.Post A Comment: