ഇത് സംബന്ധിച്ച് കെ എസ് ആര്‍ ടി സി ഓപ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കത്ത് നല്‍കുംസംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് മുഖ്യവേദികള്‍ കേന്ദ്രീകരിച്ച് സര്‍ക്കുലര്‍ സര്‍വ്വീസ് നടത്താന്‍ കെ എസ് ആര്‍ ടി സി യോട് ആവശ്യപ്പെടാന്‍ ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകന യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് കെ എസ് ആര്‍ ടി സി ഓപ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കത്ത് നല്‍കും. കലോത്സവ നടത്തിപ്പിന്‍റെ അവസാനവട്ട ഒരുക്കുങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. മുഖ്യവേദിയിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാനും, ഫയര്‍ ഹൈഡ്രന്റ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കാനും, മത്സരാര്‍ത്ഥികളുടെ താമസസ്ഥലത്തെ കൊതുക് നശീകരണം ഉറപ്പു വരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. മുഖ്യവേദിയായ തേക്കിന്‍കാട് മൈതാനത്ത് അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. കന്നുകാലികള്‍ക്ക് വേപരിശോധന നടത്താന്‍ മൃഗസംരക്ഷണവിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എക്സൈസ് പട്രോളിംഗില്‍ വനിതാ ഓഫീസര്‍മാരുടെ സാന്നിദ്ധ്യം ഉറപ്പാക്കും. ഹോട്ടലുകളില്‍ ലോഡ്ജുകളിലെയും പരിശോധന കര്‍ശനമാകും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പരിശോധിച്ച് നടപടിയെടുക്കും. മത്സരവേദികളിലേക്കും ഭക്ഷണശാലയിലേക്കുമുളള കുടിവെളള വിതരണ സംവിധാനം സജ്ജമായതായി ജലവിഭവ വകുപ്പു ഉദ്യോഗസ്ഥര്‍ അറിയിച്ചു. മത്സരത്തിനായി എട്ട് ലക്ഷം ലിറ്റര്‍ ജലം നിത്യസംഭരണശേഷിയുളളതായി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. വൈദ്യൂതി സംവിധാനം, കലോത്സവത്തിന്‍റെ മൊത്ത സുരക്ഷ, വാര്‍ത്താ വിനിമയ സംവിധാനം എന്നിവയും ഉറപ്പുവരുത്താനും യോഗം നിര്‍ദ്ദേശം നല്‍കി. സബ് കളക്ടര്‍ ഡോ.കെ.രേണുരാജ്, അസിസ്റ്റന്റ് കളക്ടര്‍ ട്രെയ്നി വിനയ് ഗോയല്‍, അസിസ്റ്റന്റ് കമ്മീഷണര്‍ പി വാഹിദ്, അഡീഷണല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജെസ്സി ജോസഫ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.സുമതി, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍, വിവിധ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post A Comment: