മര്‍ദ്ദനമേറ്റ് അവശനിലയിലായ അരിബൂര്‍ ആറാംകല്ല് തേവറക്കാട്ടില്‍ പരേതനായ പ്രദീപിന്‍റെ മകന്‍ അശ്വിനെ (17) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍: കണ്‍സെഷന്‍ ചാര്‍ജ് നല്‍കിയത് ചോദ്യം ചെയ്ത് ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ് അവശനിലയിലായ അരിബൂര്‍ ആറാംകല്ല് തേവറക്കാട്ടില്‍ പരേതനായ പ്രദീപിന്‍റെ മകന്‍ അശ്വിനെ (17) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വിന്‍റെ തലയ്ക്കും വയറിനുമാണ് മര്‍ദ്ദനമേറ്റത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും ഇന്നലെ വൈകിട്ട് നാലു മണിയോടെ അശ്വിനെ മെഡിക്കല്‍ കോളെജിലേക്ക് എക്സ്റേ, സ്കാനിംഗ് എന്നിവയ്ക്കായി മാറ്റിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അശ്വിന് മര്‍ദ്ദനമേറ്റത്. പാവറട്ടിയില്‍ പ്രൈവറ്റായി ഓപ്പണ്‍ പ്ലസ് ടു കോഴ്സ് പഠിക്കുന്ന അശ്വിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
മണലൂര്‍ പാവറട്ടി റൂട്ടില്‍ ഓടുന്ന കിരണ്‍ എന്ന ബസിലെ ഡ്രൈവര്‍ റെജിയും കണ്ടക്ടറുമാണ് മര്‍ദ്ദിച്ചതെന്ന് അശ്വിന്‍ പറയുന്നു. ഉച്ചവരെ പാര്‍ട് ടൈം ജോലിക്ക് പോകുന്ന അശ്വിന്‍ ഉച്ചയ്ക്ക് ശേഷമുള്ള ബാച്ചിലാണ് പഠിക്കുന്നത്.
കണ്‍സെഷന്‍ ചാര്‍ജായ 2 രൂപ നല്‍കിയതിനെ കണ്ടക്ടര്‍ ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയും കണ്ടക്ടറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കാഞ്ഞാണി ഭാഗത്ത് ബസ് നിര്‍ത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും മര്‍ദ്ദിക്കുകയായിരുന്നു. രാജിയാണ് അശ്വിന്‍റെ അമ്മ. ബസ് ജീവനക്കാര്‍ക്കെതിരെ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


Post A Comment: