ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണ് തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദില്ലി: ചീഫ് ജസ്റ്റിസിനെതിരെ രംഗത്തു വന്ന മുതിര്‍ന്ന നാലു ജഡ്ജിമാരെ ഒഴിവാക്കി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണ് തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് പുനഃസംഘടിപ്പിച്ച ഭരണഘടനാ ബെഞ്ചിലെ പുതിയ അംഗങ്ങള്‍.
കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് വിയോജിപ്പ് അറിയിച്ച മുതിര്‍ന്ന ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി. ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവരെയാണ് ഭരണഘടനാ ബെഞ്ചില്‍ നിന്ന് നീക്കിയത്. ആധാര്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവര്‍ഗരതി കുറ്റക്കരമാക്കിയത് പുനഃപരിശോധിക്കല്‍ തുടങ്ങിയ കേസുകളാണ് പുനഃസംഘടിപ്പിച്ച ഭരണഘടനാ ബെ‍ഞ്ച് പരിഗണിക്കുക.
സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന്​ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രാവിലെ വ്യക്തമാക്കിയിരുന്നു. ചീഫ്​ ജസ്​റ്റിസും ജഡ്​ജുമാരും കൂടിക്കാഴ്​ച നടത്തിയെന്നും ചര്‍ച്ചകള്‍ നടത്തിയതായും വേണുഗോപാല്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു കൊണ്ടുള്ള ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചത്


Post A Comment: