ജയില്‍ ഡി.ജി.പി മൂന്നാഴ്ചയ്ക്കകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

 തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി എം സി അനൂപ് ജയിലിനുള്ളില്‍ ബീഡിയും കഞ്ചാവും എത്തിക്കാന്‍ സഹായിക്കാത്ത സഹതടവുകാരെ മര്‍ദ്ദിക്കുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
       ജയില്‍ ഡി.ജി.പി മൂന്നാഴ്ചയ്ക്കകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.  ജയിലിലെ പരാതിപ്പെട്ടിയില്‍ പേരു വയ്ക്കാതെ ലഭിച്ച പരാതി തൃശൂര്‍ സെഷന്‍സ് ജഡ്ജി മനുഷ്യാവകാശ കമ്മീഷനിലേക്ക് അയക്കുകയായിരുന്നു.  പ്രസ്തുത പരാതിയിലാണ് കമ്മീഷന്‍  നടപടിയെടുത്തത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍റേതാണ് പരാതി.  രാഷ്ട്രീയ സ്വാധീനത്താല്‍ അനൂപ് ജയിലിലെ മേസ്തിരി സ്ഥാനം അനര്‍ഹമായി നേടിയെടുത്തതായി പരാതിയില്‍ പറയുന്നു.
       ജയിലില്‍ പുറംപണിക്ക് പോകുന്നവരോട് ബീഡിയും കഞ്ചാവും മദ്യവും ജയിലിനുള്ളില്‍ എത്തിക്കണമെന്ന് അനൂപ് ആവശ്യപ്പെടാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.  ഇത് സമ്മതിക്കാത്തവരെ ക്രൂരമായി മര്‍ദ്ദിക്കും.  രണ്ടാഴ്ച മുമ്പ് റഹീം എന്ന തടവുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു.  പുറത്തുനിന്നും ജയില്‍ മതിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തുകൊടുക്കാത്തതുകാരണമായിരുന്നു മര്‍ദ്ദനം.  റഹീം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.  ഹൃദ്രോഗിയാണ് റഹീം.  ഷാജി മാത്യു എന്ന തടവുകാരനെയും മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.

       ജയിലില്‍ നിരോധന ഉത്പന്നങ്ങളായ ബീഡിയും കഞ്ചാവും അനുപ് വില്‍പ്പന നടത്താറുണ്ടെന്നും പരാതിയില്‍ പറയുന്നു.  പുറത്ത് ഒരു ബണ്ടില്‍ ബീഡിക്ക് 350 രൂപയുള്ളപ്പോല്‍ ജയിലില്‍ 4000 രൂപയാകും.  പ്രതിമാസം 50,000 രൂപ ഇത്തരത്തില്‍ അനൂപിന് ലഭിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.  അനൂപിന്‍റെ മുറി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാക്കാമെന്നും പരാതിയിലുണ്ട്. കേസ് മാര്‍ച്ച് 15 ന് തൃശൂരില്‍ പരിഗണിക്കും.

Post A Comment: