ഭീകരാക്രമണത്തിനിടെ വെടിയേറ്റ ഗര്‍ഭിണിക്ക് പെണ്‍കുഞ്ഞ് പിറന്നു


ജമ്മു: സുന്‍ജുവാന്‍ സൈനികക്യാമ്പില്‍ ഭീകരാക്രമണത്തിനിടെ വെടിയേറ്റ ഗര്‍ഭിണിക്ക് പെണ്‍കുഞ്ഞ് പിറന്നു. റൈഫിള്‍മാന്‍ നസീര്‍ അഹ്മദിന്‍റെ ഭാര്യ ഷഹസാദ് ഘാന്‍ എന്ന 24കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. എല്ലാവര്‍ക്കും നന്ദി.. വെടിയൊച്ചകളുടെ ഭീകരതയും വെടിയുണ്ട തറച്ചു കയറിയ നോവും നിറഞ്ഞ ആശങ്കയുടെ മണിക്കൂറുകള്‍ താണ്ടി ഷഹസാദ് പറയുന്നു. നടുവിനായിരുന്നു 28ആഴ്ച ഗര്‍ഭിണിയായിരുന്ന ഷഹസാദിന് വെടിയേറ്റത്. ഉടന്‍ തന്നെ ഇവരെ സറ്റ്വാരി സൈനികാശുപത്രിയിലെത്തിച്ചു.  പിന്നീട് ഡോക്ടര്‍മാര്‍ ഷഹസാദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. കുഞ്ഞിന്റെയും ഉമ്മയുടെയും നില ഭദ്രമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ ആറുസ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍, തലയ്ക്ക് വെടിയേറ്റ പതിനാലുകാരന്‍റെ പരുക്ക് ഗുരുതരമാണ്. സുന്‍ജുവാനിലെ 36 ബ്രിഗേഡ്ക്യാമ്പില്‍നിന്ന് സൈനികരുടെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് കരസേനാ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് ഈ നടപടി. ക്യാമ്പിന് പുറമേ ധാരാളം കുടുംബങ്ങള്‍ വേറെയും താമസമുണ്ട്. ഇവരെയും മാറ്റാന്‍ നടപടി തുടങ്ങി. ഞായറാഴ്ച ക്യാമ്പിലെത്തിയ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ കരസേന കണ്ടെത്തിയ തെളിവുകള്‍ പരിശോധിച്ചു. ഭീകരാക്രമണക്കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ എന്‍.ഐ.എ.യ്ക്ക് അന്വേഷണം ഇതുവരെ കൈമാറിയിട്ടില്ല. പഠാന്‍കോട്ട്, നഗ്‌റോട്ട എന്നിവിടങ്ങളിലെ സൈനികക്യാമ്പിന് നേരേയുണ്ടായ ആക്രമണം അന്വേഷിക്കുന്നത് എന്‍.ഐ.എ.യാണ്.

Post A Comment: