എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് സഭാനാഥന്‍ തന്നെ അര ലക്ഷത്തിന്‍റെ കണ്ണട വാങ്ങിയിരിക്കുന്നത്

തിരുവനന്തപുരം: ചെലവ് ചുരുക്കലും ലളിത ജീവിതവും അണികള്‍ക്ക് മാത്രമാക്കി സംവരണം ചെയ്ത ശേഷം സി.പി.എം നേതാക്കള്‍ സുഖലോലുപരായി ജീവിച്ച്‌ സാധാരണക്കാരെ പറ്റിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിയമസഭയുടെ നാഥനായ സ്പീക്കര്‍ മുന്നോട്ടുവച്ച മാതൃകയെന്നും ആരോഗ്യമന്ത്രിക്ക് പിന്നാലെ അരലക്ഷം രൂപയുടെ കണ്ണടയാണ് പൊതുഖജനാവിലെ പണം ഉപയോഗിച്ച്‌ സ്പീക്കര്‍ വാങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്‌ ആശങ്കപ്പെടുകയും ഫോണ്‍ ചാര്‍ജ് പോലും കുറച്ച്‌ ചെലവ്ചുരുക്കുമെന്ന് ഗീര്‍വാണം മുഴക്കുകയും ചെയ്തതിനൊപ്പമാണ് എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് സഭാനാഥന്‍ തന്നെ അര ലക്ഷത്തിന്‍റെ കണ്ണട വാങ്ങിയിരിക്കുന്നത്. ഇതെല്ലാം പറയുന്നത് കൈയടി നേടാനും കവല പ്രസംഗത്തിനും വേണ്ടിയാണെന്നും പ്രാവര്‍ത്തികമാക്കാനല്ലെന്നും സി.പി.എമ്മിന്‍റെ ഓരോ നേതാക്കളും അവരുടെ മക്കളും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. 


കോടിയേരിയുടെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം സംബന്ധിച്ച്‌ ലഭിച്ച പരാതി സി.പി.എം രീതിയനുസരിച്ച്‌ സംസ്ഥാന ഘടകത്തിന് കൈമാറിയതായി പറയുന്ന സീതാറാം യെച്ചൂരി, അക്കാര്യത്തില്‍ സംസ്ഥാന ഘടകം സ്വീകരിച്ച നിലപാടില്‍ തൃപ്തനാണോയെന്ന് വ്യക്തമാക്കണം. യെച്ചൂരിയുടെ നിലപാടിന് വിരുദ്ധമായ നിലപാടെടുക്കന്ന സി.പി.എം സംസ്ഥാന നേതൃത്വം, സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ആരോപണത്തില്‍ നിന്നും ഓടിയൊളിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Post A Comment: