കേസിലുള്‍പ്പെട്ട രത്നവ്യാപാരി നീരവ് മോദിയുമായി ബന്ധമുള്ളത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണെന്ന് നിര്‍മല


ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ ശതകോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്ത്. കേസിലുള്‍പ്പെട്ട രത്നവ്യാപാരി നീരവ് മോദിയുമായി ബന്ധമുള്ളത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണെന്ന് നിര്‍മല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്സിയുടെ ഉമടസ്ഥതയിലുള്ള ഗീതാഞ്ജലി ജൂവലറി ഗ്രൂപ്പിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ രാഹുല്‍ പങ്കെടുത്തുവെന്നും നിര്‍മല ആരോപിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്വിക്ക് ഗീതാഞ്ജലി ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും നിര്‍മല പറഞ്ഞു. ഇതിന്റെ രേഖകളും മന്ത്രി പുറത്തുവിട്ടു. ഗീതാഞ്ജലി ഗ്രൂപ്പിനായി കോണ്‍ഗ്രസ് കെട്ടിടം വാടകയ്ക്ക് നല്‍കിയിരുന്നു. ഇതെല്ലാം ചെയ്ത ശേഷം ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനേയും കുറ്റപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 


നീരവ് മോദിയുടെ കമ്പനികളൊന്നാലായ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണലില്‍ സിംഗ്വിയുടെ ഭാര്യ അനിതയ്ക്ക് ഓഹരിയുണ്ട്. അദ്വൈത് ഹോള്‍ഡിംഗ്സില്‍ നിന്നാണ് നീരവ് മോദി ഫയര്‍സ്റ്റാറിനെ ഏറ്റെടുത്തതെന്നും നിര്‍മല വെളിപ്പെടുത്തി. ദേശീയ ഓഹരി സൂചികയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഗീതാഞ്ജലി ഗ്രൂപ്പിനെ ബിസിനസ് നടത്തുന്നതില്‍ നിന്ന് 2013ല്‍ വിലക്കിയിരുന്നു. അതേവര്‍ഷം സെപ്തംബര്‍ 13നാണ് രാഹുല്‍ ഗാന്ധി ഈ ജൂവലറി ഗ്രൂപ്പിന്റെ പ്രചരണാര്‍ത്ഥമുള്ള പരിപാടിയില്‍ പങ്കെടുത്തതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Post A Comment: