മോദി ഭരണത്തില്‍ ചങ്ങാതിത്ത മുതലാളിത്തമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്


കുന്നംകുളം: ദേശീയ സര്‍ക്കാരുകളെ പോലും, നിയന്ത്രിക്കുന്ന പരമാധികാര ശക്തിയായി സാമ്രാജിത്വ-ധന മൂലധനം ലോകം കീഴടക്കികൊണ്ടിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം എംബി രാജേഷ് എം പി. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സാമ്രാജ്യത്വ അധിനിവേശത്തിന്‍റെ പുത്തന്‍ രൂപങ്ങള്‍ എന്ന വിഷയത്തില്‍ കുന്നംകുളത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.. മോദി ഭരണത്തില്‍ ചങ്ങാതിത്ത മുതലാളിത്തമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിലൂടെ വര്‍ദ്ധിക്കുന്ന പൊതുകടം സാധാരണക്കാരന്‍റെ തലയില്‍ കെട്ടിവെക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു. ആഗോള-നവലിബറല്‍ നയങ്ങളുടെ ഭാഗമായി ലോകത്താകമാനം തൊഴില്‍ രഹിത കൃത്രിമ വ്ളര്‍ച്ചയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചലനാത്മക സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഉപയോഗപ്പെടുത്തിയാണ്  ആഗോള സാമ്രാജ്യത്വ മൂലധനം അതിവേഗം വളര്‍ച്ച നേടിയത്.   സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നതിലൂടെ സാധാരണക്കാരുടെ ദുരിതം പ്രത്യക്ഷത്തില്‍ വര്‍ദ്ധിക്കുന്ന കാഴ്ച്ചയാണ് ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മറ്റിയംഗം ടികെ വാസു അധ്യക്ഷനായി. സാമ്പത്തിക വിദഗ്ദന്‍ ഡോ ഡി ഷൈജന്‍, മനശാസ്ത്രജ്ഞന്‍ ഡോ കെഎസ് ഡേവിഡ്, സിപിഐഎം ജില്ലാ കമ്മറ്റിയംഗങ്ങളായ കെഎഫ് ഡേവീസ്, ബാബു എം പാലിശേരി, നഗരസഭ ചെയര്‍ പേഴ്സണ്‍ സീത രവീന്ദ്രന്‍, പിആര്‍ കൃഷ്ണന്‍,  എംവി പ്രശാന്തന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി എംഎന്‍ സത്യന്‍ സ്വാഗതവും, പിഎന്‍ സുകുദേവന്‍ നന്ദിയും പറഞ്ഞു. 

Post A Comment: