ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി പ്ലാസ്റ്റിക് ഒഴിവാക്കി തുണികൊണ്ടുള്ള തോരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

തൃശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. നഗരവീഥികള്‍ ചുവപ്പണിഞ്ഞു. 22 മതല്‍ 25 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സ്വരാജ് റൗണ്ട് ഉള്‍പ്പെടെ നഗരവീഥികള്‍ ചുവന്ന തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി പ്ലാസ്റ്റിക് ഒഴിവാക്കി തുണികൊണ്ടുള്ള തോരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വരാജ് റൗണ്ട് ഉള്‍പ്പെടെ പ്രധാനസ്ഥലങ്ങളില്‍ നിന്നു സമ്മേളന നഗരിയിലേക്ക് എത്തുന്ന 42 റോഡുകള്‍ തോരണങ്ങള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ നിര്‍വ്വഹിച്ചിരിക്കുന്നത് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് . സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണ പരിപാടികള്‍ മുന്നേറുകയാണ്. സമ്മേളനത്തിന്റെ ഭാഗമായി ഏരിയകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച സെമിനാറുകള്‍ വെള്ളിയാഴ്ച സമാപിച്ചു. സമ്മേളന പ്രചാരാണാര്‍ത്ഥം സംഘടിപ്പിച്ചിരിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ സംഗമങ്ങള്‍ 19 ന് സമാപിക്കും. വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഗമങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി എം.ജി റോഡില്‍ ഒരുക്കിയ സ്വാഗത സംഘം ഓഫീസ് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വാഗത സംഘം ഓഫീസിലേക്കുള്ള കവാടം ചാക്ക് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായുള്ള ദീപശിഖ റാലിയാരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും കാസര്‍കോഡില്‍ നിന്നുമാണ് ദീപശിഖ റാലിയാരംഭിച്ചത്. 577 രക്തസാക്ഷി സ്മൃതി കുടീരങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ 21 ന് വൈകീട്ട് തൃശൂരില്‍ സംഗമിക്കും. പതാകജാഥ ശനിയാഴ്ച കയ്യൂരില്‍ നിന്നാരംഭിക്കും. കൊടിമര ജാഥ വയലാറില്‍ നിന്ന് തിങ്കളാഴ്ച ആരംഭിക്കും. സമ്മേളനത്തില്‍ 566 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പ്രതിനിധികള്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് 22 ന് സമ്മേളന നഗരിയില്‍ വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളന നഗരിയായ തേക്കിന്‍കാട് മൈതാനിയില്‍ 21 ന് വൈകീട്ട് സ്വാഗത സംഘം ചെയര്‍മാന്‍ ബേബി ജോണ്‍ പതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.


Post A Comment: